നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ; പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്റിൽ പതിനെട്ടുകാരൻ എസ്‌ഐയെ കഴുത്തിനു പിടിച്ചു നിലത്തടിച്ചു !!

Crime
Print Friendly, PDF & Email

പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ എസ്.ഐയെ മർദ്ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും അതിരുങ്കൽ അമ്പാടിയിൽ വീട്ടിൽ വാടകയ്ക്ക് താമസം ജിബിൻ ബിജു (18) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. ജിനുവിനാണ് മർദ്ദനമേറ്റത്. കസ്റ്റഡിയിൽ എടുത്ത ജിബിനെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ കഴുത്തിനു പിടിച്ചു നിലത്ത് അടിക്കുകയായിരുന്നു.

സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോൺ സന്ദേശം കിട്ടിയതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് യുവാവ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് ഭാഷ്യം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. സ്ഥലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാൻ ശ്രമിച്ചു. പേരുവിവരം ചോദിച്ച എസ്.ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനാവുകയായിരുന്നു. എസ് ഐ ജിനുവിനെ കൈയേറ്റം ചെയ്യുകയും തള്ളിത്താഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നിൽ അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു. കൂടുതൽ പോലീസ് എത്തി ഇയാളെ നിയന്ത്രണത്തിലാക്കി സ്‌റ്റേഷനിലെത്തിച്ചു.

എസ്.ഐ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹത്തിന്റെ മൊഴി  പ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
യുവാവിനെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വകാര്യ ബസ്സ്റ്റാൻഡ് തുടങ്ങിയ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് പട്രോളിങ് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *