പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻപ് പോക്‌സോ കേസിൽപ്പെട്ട യുവാവ് പതിനേഴകാരിയെ ബലാൽസംഗം ചെയ്ത് പോക്‌സോ കേസുകളുടെ എണ്ണം രണ്ടിലെത്തിച്ചു. എഴുമറ്റൂർ ഉപ്പുമാങ്കൽ വീട്ടിൽ പി പ്രശാന്ത് ( 19) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ഇയാൾ 2023 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബാലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ്.
കഴിഞ്ഞമാസം 28 ന് രാവിലെ 10.15 നാണ് പുതിയ കേസിനാസ്പദമായ സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥിനിയെ രാവിലെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് സ്‌കൂളിൽ നിന്നും വാങ്ങാൻ പോകവേ, എഴുമറ്റൂർ ബസ്സ്‌റ്റോപ്പിൽ കാത്തുനിന്ന പ്രതി, അറഞ്ഞിക്കലെത്തിച്ച് പ്രവർത്തനമില്ലാത്ത പാറമടയുടെ അടുത്തുള്ള അടച്ചിട്ട ഓല മേഞ്ഞ കടമുറിക്കുള്ളിൽ വച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി സ്‌കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി. മൊബൈലിലെ സന്ദേശങ്ങൾ കണ്ട് ചോദിച്ചപ്പോൾ കുട്ടി സഹോദരിയോട് പീഡനവിവരം പറയുകയായിരുന്നു.
പത്തനംതിട്ട ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച്, ഇന്നലെ കോഴഞ്ചേരി വൺ സ്‌റ്റോപ്പ് സെന്ററിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി അവിടെ എത്തി പോലീസ് രേഖപ്പെടുത്തി. തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് വേണ്ടി ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട് നടപടി പോലീസ് കൈകൊണ്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി.
തുടർന്ന് പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടിനു സമീപത്ത് നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം, ഇയാളുടെ ചിത്രം ഫോണിൽ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.പോലീസ് കുറ്റസമ്മതമൊഴിയെടുത്തു, തുടർന്ന് രാത്രി 9 ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.പോലീസ് ഇൻസ്‌പെക്ടർ ബി സജിഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
എസ് ഐ ബോസ് പി ബേബി, എസ് സി പി ഓ മുഹമ്മദ് ഷെബീക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്കയച്ചു.


