ആറന്മുള – രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കനാലിൽ വീണു കാണാതായി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ് ആർ, ഉള്ളന്നൂർ മഞ്ജുവിലാസത്തിൽ അനന്ദു നാഥ് എന്നിവരെയാണ് കാണാതായത്. കിടങ്ങന്നൂരിലെ വില്ലേജ് ഓഫീസിനു സമീപമുള്ള കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തി. സ്കൂളില്‍ ഇന്ന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇവർ കനാലിൽ കുളിക്കാനിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരോടൊപ്പം മൂന്നാമതൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇലവുംതിട്ട പൊലീസും പത്തനംതിട്ട, ചെങ്ങന്നൂർ ഫയർഫോഴ്സ് സ്കൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിൽ രാത്രി 12 മണിയോടെ നിർത്തിവെച്ചു. 3 കിലോമീറ്റർ ദൂര പരിധിയിൽ അവർ തിരഞ്ഞു. കനാലിലെ വെള്ളം ഒഴുക്ക് നിർത്തിയിട്ടുണ്ട്.


