പത്തനംതിട്ട – ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളിൽ ഇനി തലവേദനയാകില്ല. അവശിഷ്ടങ്ങളിൽ നിന്നും ജൈവ വളം ഉൽപാദിപ്പിച്ച് ‘പാം ബയോ ഗ്രീൻ മാന്യൂർ’ എന്ന പേരിൽ വിപണയിൽ എത്തിച്ചിരിക്കുകയാണ് നഗരസഭ. ഫുഡ്സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 15 ടൺ ജൈവ വളം നിർമിച്ചു. 2.3 ടൺ വിൽപന നടത്തി.
മാലിന്യങ്ങൾ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ് പി ഓഫീസുകളിൽ നിന്നും പ്രതിദിനം 70 കിലോ ജൈവ മാലിന്യം ബയോ ബിൻ കാമ്പസ് വഴി ശേഖരിക്കും.

ഉച്ചയ്ക്ക് രണ്ടു മുതൽ നാല് വരെ ഹരിതകർമ സേനാംഗങ്ങൾ ഓഫീസുകൾ സന്ദർശിച്ച് ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കും. മാസം 30 രൂപ നിരക്കിൽ യൂസർ ഫീ ഈടാക്കും. ശേഖരിക്കുന്ന ജൈവ മാലിന്യം പോർട്ടബിൾ ബയോ ബിന്നിൽ നിക്ഷേപിക്കും. ബിന്നിലെ മാലിന്യം ഒന്നര മാസം കൊണ്ട് സമ്പൂർണ ജൈവ വളമാകും. തുടർന്ന് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിക്കും. കിലോയ്ക്ക് 20 രൂപയാണ് നിരക്ക്. കുടുംബശ്രീ ഓൺലൈനിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൈവവളത്തിന് വിപണി കണ്ടെത്താനും നഗരസഭ ലക്ഷ്യമിടുന്നു.


