പോലീസിനെ കണ്ടപ്പോൾ പരക്കംപാച്ചിൽ : ബൈക്കിന്റെ ബാഗിൽ നിന്ന് പിടികൂടിയത് ഒന്നര കിലോയിലധികം കഞ്ചാവ്:

Crime
Print Friendly, PDF & Email

ഇലവുംതിട്ട: മോട്ടോർ സൈക്കിളിൽ ഒന്നര കിലോയിലധികം കഞ്ചാവ് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്.അഭിജിത് (22) ആണ് അറസ്റ്റിലായത്. തിങ്കൾ രാത്രി എട്ടേകാലിന് മലങ്കാവ് വച്ച് ഡാൻസാഫ് സംഘത്തിന്റെയും ഇലവുംതിട്ട പോലീസിന്റെയും സംയുക്ത പരിശോധനയിൽ നിരവേൽപ്പടി പുത്തൻപീടിക റോഡിൽ നിന്നും മലങ്കാവിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ വച്ചാണ് യുവാവിനെ ബൈക്കുമായി പിടികൂടിയത്. പോലീസ് ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.

ശബരിമല തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിലും മറ്റും ശക്തമാക്കിയ പോലീസിന്റെ പ്രത്യേക പരിശോധനകൾ ജില്ലയിൽ തുടരുകയാണ്. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘവും ഇലവുംതിട്ട പോലീസും നടത്തിയ നീക്കത്തിലാണ് യുവാവിനെ പിടികൂടാൻ സാധിച്ചത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ബൈക്ക് ഓടിച്ച അഭിജിത്ത് പോലീസിനെക്കണ്ടപ്പോൾ വിട്ടു പോകാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. ബൈക്കിന്റെ മുൻവശം ബാഗിൽ എന്തെന്ന് ചോദിച്ചപ്പോൾ വസ്ത്രമാണെന്നായിരുന്നു മറുപടി. പോലീസിന്റെ പരിശോധനയിൽ ബാഗിനുള്ളിൽ ചുവന്ന പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ
കച്ചവടത്തിന് കൊണ്ടുവന്നതാണ് എന്ന് വ്യക്തമായി.

ബൈക്കും ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇയാൾക്കൊപ്പം കൂട്ടാളികൾ ഉണ്ടോ കഞ്ചാവ് കൊണ്ടുവന്നത് എവിടെനിന്ന് എന്ന് തുടങ്ങിയ കാര്യങ്ങളിൽ അനേ്വഷണം തുടരുകയാണ്. അഭിജിത് നേരത്തെ കഞ്ചാവ് കേസുകളിൽ പ്രതിയാണ്, പത്തനംതിട്ട എക്‌സൈസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വിൽപ്പനയും നടത്തുന്നവർക്കെതിരായ റെയ്ഡും മറ്റും ശക്തമായി തുടരാൻ ജില്ലയിലെ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *