പത്തനംതിട്ട : വീടിനു മുൻവശത്തെ കാർ പോർച്ച് കോൺക്രീറ്റ് ചെയ്തത് റോഡിലേക്ക് ഇറങ്ങിപ്പോയി എന്ന് ആരോപിച്ചതിനെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ട കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. പുളിക്കീഴ് നിരണം ആറ്റൂപ്പറമ്പിൽ രാജൻ (65), ആറ്റൂപ്പറമ്പിൽ ചന്ദ്രൻ (76) എന്നിവരെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഞായറാഴ്ച്ച വൈകിട്ട് 4 നാണ് സംഭവം. ആറ്റൂപ്പറമ്പിൽ വിജയന്റെ ഭാര്യ രാധ (60)യാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇവരും പ്രതികളും ബന്ധുക്കളാണ്. വിജയന്റെ വീടിന് മുന്നിലെ കാർ പോർച്ച് കോൺക്രീറ്റ് ചെയ്തത് റോഡിലേക്ക് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് പ്രതികൾ രാധയുമായി തർക്കത്തിലേർപ്പെട്ടു. ബഹളം കേട്ടെത്തിയ വിജയനെ രാജൻ ഷർട്ടിന് കുത്തിപ്പിടിച്ച് തടഞ്ഞു, തുടർന്ന് ചന്ദ്രൻ വിജയന്റെ ചെള്ളയ്ക്കടിച്ചു, അടിയേറ്റ് ഇയാൾ താഴെവീണു. ഇടയ്ക്ക് കയറിയ ഭാര്യയുടെ മുഖത്ത് ചന്ദ്രൻ കൈചുരുട്ടി ഇടിക്കുകയായിരുന്നു. അവർ നിലതെറ്റി താഴെ വീഴുകയും ചെയ്തു. രാധയുടെ മൂക്കിന്റെ പാലത്തിലെ അസ്ഥിപൊട്ടി.
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചകഴിഞ്ഞ് മരണപ്പെടുകയായിരുന്നു. പരിക്കിന്റെ കാഠിന്യത്താൽ ഹൃദയാഘാതമുണ്ടായി മരിച്ചതായുള്ള വിവരം ആശുപത്രിയിൽ നിന്നും പോലീസിൽ അറിയിച്ചു. ഇതിന് മുമ്പുതന്നെ പ്രതികളെ സ്ഥലത്ത് നിന്നും എസ് ഐ ഐ ഷിജു പി സാമിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു വിവരങ്ങൾ തേടി. ദേഹോപദ്രവത്തിന് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു. തുടർന്ന്, പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി, വൈകുന്നേരം അറസ്റ്റ് ചെയ്തു. വഴിതർക്കത്തെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറെക്കാലമായി വഴക്കിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


