പത്തനംതിട്ട : മൈലപ്രയിൽ പട്ടാപ്പകൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ തെങ്കാശിൽ നിന്ന് പിടിയിലായി. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തിൽ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാൾ പത്തനംതിട്ടക്കാരൻ തന്നെയായ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോർജ്ജിൻറെ കഴുത്തിൽ കിടന്ന ഒൻപത് പവൻറെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്.
വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് തൊട്ടുമുമ്പേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

