തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റിനിർത്തി മറ്റൊരാളെ പരിഗണിക്കുന്ന തരത്തിലുള്ള ചർച്ചകൾ ജനാധിപത്യ വിശ്വാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് നാഷണൽ ക്രിസ്ത്യൻഅലൈൻസ് സംസ്ഥാന സമിതി യോഗം.
തിരഞ്ഞെടുപ്പ് കാലയളവിൽ മുന്നണിയെ നയിക്കുകയും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്ത നേതൃത്വത്തെ അവഗണിക്കുന്നത് വോട്ടർമാരുടെ രാഷ്ട്രീയ വിശ്വാസത്തെ ബാധിക്കാമെന്ന് സംസ്ഥാന സമിതി പ്രസ്താവിച്ചു. ജനങ്ങൾ വ്യക്തമായ നേതൃത്വത്തിലും പ്രഖ്യാപിത രാഷ്ട്രീയ ദിശയിലും വിശ്വാസം വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് ശേഷം ജനാഭിപ്രായത്തെ മറികടക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുമെന്നും സംസ്ഥാന സമിതിയിൽ അംഗങ്ങൾ പറഞ്ഞു
കേരളത്തിലെ ജനങ്ങളുടെ വികാരത്തെയും തെരഞ്ഞെടുപ്പ് ഫലത്തിന്റെ രാഷ്ട്രീയ സന്ദേശത്തെയും മാനിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോൺഗ്രസ്സ് നേതൃത്വം സ്വീകരിക്കേണ്ടതെന്ന് സംഘടന ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുന്നണിക്ക് നേതൃത്വം നൽകിയ വ്യക്തിയെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം അടിയന്തരമായി തയ്യാറാകണമെന്നും ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കത്ത് നൽകാൻ നാഷണൽ ക്രിസ്ത്യൻ അലൈൻസ് തീരുമാനം എടുത്തു സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സംസ്ഥാന ഭാരവാഹികളായ റവ എ. ആർ നോബിൾ, ഫാദർ അഗസ്റ്റിൻ, ഫാദർ ജോണികുട്ടി, പാസ്റ്റർ ജെയിസ് പാണ്ടനാട്, ജേക്കബ് ടി സ്കറിയ ,ബിനു പന്തളം, അശ്വിൻ ഹാംലറ്റ് , അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.


