ഈ സ്വർണ്ണം അമ്മക്ക് ; അർച്ചന 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി

Sports
Print Friendly, PDF & Email

എറണാകുളം – സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിലെ അർച്ചനയുടെ സ്വർണ്ണ നേട്ടത്തിലൂടെ പൂവണിഞ്ഞത് അമ്മ കൃഷ്ണപ്രിയയുടെ സ്വപ്‌നം. പാലക്കാട് മുണ്ടൂർ എച്ച്.എസിലെ വിദ്യാർഥിയാണ് അർച്ചന എസ്.
‘ എന്റെ ചെറിയ വരുമാനത്തിൽ നിന്ന് നൽകാൻ കഴിയുന്ന പരിമിതമായ സൗകര്യങ്ങളെ മോൾക്ക് നൽകാൻ സാധിക്കുന്നുള്ളു. ജീവിത പ്രാരാബ്ധങ്ങളോട് പൊരുതിയാണ് മകൾ ഈ നേട്ടം കരസ്ഥമാക്കിയത്’. അതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അർച്ചനയുടെ അമ്മ വിഷ്ണുപ്രിയ പറഞ്ഞു.

മുൻ അന്താരാഷ്ട്രതാരം പി യു ചിത്രയുടെ കായിക അധ്യാപകൻ കൂടിയായ എൻ എസ് സിജിൽ ആണ് കോച്ച്. 3000 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ നടത്തത്തിൽ സ്വർണം നേടിയ എസ് ജഗന്നാഥനടക്കം പാലക്കാട് നിന്നും ഇദ്ദേഹത്തിന്റെ 22 ശിഷ്യൻമാരാണ് ഇത്തവണത്തെ സ്‌കൂൾ കായികമേളയിൽ മാറ്റുരക്കുന്നത്.

സാധാരണക്കാരായ കർഷകത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും കുടുംബങ്ങളിൽ നിന്നും വരുന്നവരാണ് പാലക്കാടിന്റെ കായികതാരങ്ങളിൽ ഏറിയ പങ്കും. ഇവർക്കു വേണ്ട പ്രോൽസാഹനവും സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തണം. എങ്കിൽ മാത്രമേ കായികതാരം എന്ന നിലയിലേക്ക് ഇവരെ ഉയർത്താനാകു. നാളെയുടെ വാഗ്ദാനങ്ങളായ കായികതാരങ്ങളെ സംഭാവന ചെയ്യാൻ ഇനിയും പാലക്കാടൻ മണ്ണിനാകുമെന്ന് കോച്ച് എൻ എസ് സിജിൽ പറഞ്ഞു.

ഇടുക്കി സിഎച്ച്എസ് കാൽവരിമൗണ്ടിലെ അലീന സജിക്കാണ് 3000 മീറ്ററിൽ വെള്ളി. പാലക്കാട് എംഎൻകെഎച്ച്എസ്എസ് ചിറ്റിലഞ്ചേരിയിലെ രേവതി രാജൻ വെങ്കലം നേടി.

Leave a Reply

Your email address will not be published. Required fields are marked *