കോഴഞ്ചേരി: ഭരണകക്ഷിയായ ഇടതു മുന്നണിയിൽ അസ്വാരസ്യം പുകഞ്ഞിട്ടും ഇടപെടാൻ കഴിയാതെ സി.പി.എം നേതൃത്വം. കേരള കോൺഗ്രസിലെ രണ്ട് അംഗങ്ങളെ കൂടെക്കൂട്ടി യു.ഡി.എഫിൽനിന്നു ഭരണം പിടിച്ച പഞ്ചായത്തിൽ സി.പി.എമ്മിന് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് അണികൾ പറയുന്നത്. ഇതിനിടയിലാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ഭരണമുന്നണിയിലെ വികസന സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാനുമെതിരേ അടക്കം സി.പി.എം. നേതാവും ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷനുമായ സോണി കൊച്ചുതുണ്ടിയിൽ ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്തിൽനിന്നു പദ്ധതി വിഹിതം അനുവദിച്ചതിൽ ചട്ടവും നിയമവും പാലിച്ചില്ലെന്നും 4,13 വാർഡുകൾക്ക് മറ്റ് വാർഡുകൾക്ക് നൽകിയതിലും വലിയ തുക നൽകിയെന്നുമാണ് ആക്ഷേപം. നാലാം വാർഡിനെ വികസന സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജോ പി. മാത്യുവും 13-ാം വാർഡിനെ ബി.ജെ.പി. അംഗം ഗീതു മുരളിയുമാണ് പ്രതിനിധീകരിക്കുന്നത്. 2024-25 വാർഷിക പദ്ധതി തുക 4, 13 വാർഡുകളിൽ യഥാക്രമം 33 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തിൽ നൽകിയതിനെതിരേയാണ് സോണി കൊച്ചുതുണ്ടിയിൽ കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. കേസ് നാളെ പരിഗണിക്കാനായി ഹൈക്കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ സംസ്‌ഥാന പഞ്ചായത്ത് ഡയറക്‌ടർ, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്‌ടർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മറ്റ് കക്ഷികൾ. കോൺഗ്രസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയപ്പോൾ മുതൽ പഞ്ചായത്ത് ഇടത് ഭരണസമിതിയിലെ പടലപ്പിണക്കങ്ങളും ചേരിപ്പോരുകളും ആരംഭിച്ചിരുന്നു. കേരള കോൺഗ്രസ് അംഗത്തിന് പ്രസിഡന്റ് സ്‌ഥാനം ആദ്യം നൽകിയപ്പോൾ തുടർന്ന് സി.പി.എമ്മിന് ലഭിക്കുമെന്നും കരുതിയിരുന്നു. സി.പി.എമ്മിലെ സോണി കൊച്ചുതുണ്ടിയിലോ ബിജിലി പി. ഈശോയെ പ്രസിഡന്റ് ആകുമെന്നായിരുന്നു കരുതിയത്. എന്നാൽ പ്രാദേശികമായി സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയത ഇതിന് തടസമായി. ഇതോടെ പ്രാദേശിക പ്രശ്‌നങ്ങൾ മറനീക്കി പുറത്തുവന്നു. തെക്കേമലയിലെ ഹൈമാസ്‌റ്റ് വിളക്ക് പ്രശ്‌നം പഞ്ചായത്ത് ഭരണ സമിതിയിൽ വാടാ, പോടാ വിളികളിൽ ചെന്നെത്തി. ഇതിനിടെയാണ് പാർട്ടിയുടെ അനുമതി ഇല്ലാതെ സി.പി.എം. മെമ്പർ കോടതിയെ സമീപിച്ചത്. ഇത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കി. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് – മൂന്ന്, എൽ.ഡി.എഫ്.-ഏഴ്, ബി.ജെ.പി. -രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സോണി കൊച്ചുതുണ്ടിയിൽ കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി സി.പി.എം. ചിഹ്നത്തിൽ മത്സരിച്ചു ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്. വർഷങ്ങളായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമാണ്. പദ്ധതി വിഹിതം പക്ഷപാതപരമായി വീതിച്ചതിനെതിരേ കോൺഗ്രസ് അംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞ് വച്ചിരുന്നു. ഇപ്പോൾ ഇതിനെതിരെ സി.പി.എം. അംഗം തന്നെ രംഗത്തു വന്നതോടെ കൂടുതൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ധർണ ഡി.സി.സി. സെക്രട്ടറി സജി കൊട്ടക്കാട് ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തിലെ ഉദ്യോഗസ്‌ഥരുടെ പിന്തുണയോടെ പ്രത്യേക വാർഡുകൾക്ക് കൂടുതൽ പണം അനുവദിച്ച നടപടിക്കു പിന്നിൽ ക്രമക്കേടുണ്ടെന്നും സി.പി.എമ്മിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, ജിജി വർഗീസ്, റാണി കോശി,ഭാരവാഹികളായ ജെറി മാത്യു സാം, അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, സി. വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ആനി ജോസഫ്, ലത ചെറിയാൻ, ലീബ ബിജി, ഹരീന്ദ്രനാഥൻ നായർ, ജേക്കബ് സാമൂവൽ, കൃഷ്‌ണദാസ്, ടൈറ്റസ്, വിജു കോശി സൈമൺ, സത്യൻ നായർ, ജോൺ ഫിലിപ്പോസ്, ജോസ് പുതുപ്പറമ്പിൽ, സജി വെള്ളാറേത്ത് എന്നിവർ പ്രസംഗിച്ചു.


