അർജ്ജുൻദാസിനെ വിശ്വാസവഞ്ചന കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ടു ; കാപ്പ ചുമത്താൻ സാദ്ധ്യത
പത്തനംതിട്ട – നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അർജ്ജുൻദാസിനെ, രാജസ്ഥാൻ സ്വദേശിയെ വിശ്വാസവഞ്ചന കാട്ടി ചതിച്ചകേസിൽ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം കൃഷ്ണ നിവാസിൽ ബി അർജുൻ ദാസ് (41) ആണ് പിടിയിലായത്. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ജാന പോസ്റ്റിൽ മൻഗരാസി എന്ന സ്ഥലത്ത് താമസിക്കുന്ന ദാൻവർ ലാലിന്റെ മകൻ കിഷൻലാലിന്റെ പരാതിയിൽ കേസെടുത്ത കോന്നി പോലീസ്, ഇന്നലെ വൈകിട്ട് ആറുമണിയോടെ തുമ്പമണ്ണിലെ ഭാര്യ വീടിനു സമീപത്തുനിന്നും അർജുൻ ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാറ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികകൾ വാടകയ്ക്ക് എടുത്തിട്ട് വാടകയോ മെഷിനറിയോ തിരികെ നൽകിയില്ല എന്ന പരാതിപ്രകാരമെടുത്ത കേസിലാണ് പോലീസ് നടപടി.
കോന്നി ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, 2021 ഏപ്രിലിലാണ് ഇയാൾ മെഷീനറി എടുത്തുകൊണ്ടുപോയത്. 2024 ഒക്ടോബർ വരെ വാടകയിനത്തിൽ നൽകാനുള്ള ആറു ലക്ഷം രൂപയോ യന്ത്രസാമഗ്രികകളോ തിരിച്ചു കൊടുക്കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. തിരികെ ചോദിച്ചപ്പോൾ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരത്തിന് ഈ മാസം ഒന്നിന് കിഷൻ ലാൽ കോന്നി പോലീസിൽ പരാതി നൽകി. തുടർന്ന് ഇദ്ദേഹത്തിന്റെ മൊഴിവാങ്ങി എസ് ഐ വിമൽ രംഗനാഥ് കേസ് രജിസ്റ്റർ ചെയ്തു.
വ്യാപകമാക്കിയ അന്വേഷണത്തെ തുടർന്ന് പ്രമാടം തെങ്ങുംകാവ് മറൂരിൽ മെഷീനറി സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതി കിഷൻ ലാലിൽ നിന്നും ചതിച്ച് കൈവശപ്പെടുത്തിയ മെഷീനറികളിൽ 11 എണ്ണം പിറ്റേന്ന് മറൂർ പേഴും കാട്ടുമണ്ണിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഇവ കിഷൻ ലാലിനെ കാണിച്ച് തിരിച്ചറിഞ്ഞു. ഇവയുടെ ബില്ലുകളുടെ പകർപ്പും പോലീസ് ബന്തവസ്സിലെടുത്തു.
കിഷൻ ലാലിന്റെ ഏക ഉപജീവനമാർഗമായ യന്ത്ര സാമഗ്രികകൾ ചതിച്ച് കൈക്കലാക്കിയ അർജുൻ ദാസ്, ഇതുകൂടാതെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 8 കേസുകളിലും പ്രതിയാണ്. ഇതര സംസ്ഥാനക്കാരനായ വാദിയുടെ ജീവന് ഭീഷണി ഉയർത്തിയ പ്രതി, ചതിച്ച് കൈക്കലാക്കിയ യന്ത്രസാമഗ്രികൾ തന്റെതാണെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പോലീസ് സംഘം മറ്റൊരു കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയം, അർജുൻ ദാസ് ഭാര്യവീട്ടിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുമ്പമണ്ണിലെ വീടിനടുത്തുനിന്നും പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
യന്ത്രസാമഗ്രികളിൽ പ്രതി ഒളിപ്പിച്ചുവച്ചിട്ടുള്ള പാനൽ ബോർഡ്, റാഡ് സെറ്റ്, വാട്ടർ പമ്പ് സെറ്റ്, ചെമ്പ് കേബിളുകൾ, ഡ്രില്ലിങ് മെഷീൻ തുടങ്ങി ചിലഇനങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇയാൾക്കെതിരെ ഈ കോടതിയിൽ മലയാലപ്പുഴ പോലീസ് ജൂൺ 19 ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണയിലാണുള്ളത്. അർജുൻ ദാസിനെതിരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത മനപ്പൂർവല്ലാത്ത നരഹത്യാശ്രമക്കേസിലും ദേഹോപദ്രവക്കേസുകളിലും ലഹളയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്. 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കും വിധേയനായിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചതിന് അടൂർ പോലീസ് സ്റ്റേഷനിലും, സ്ത്രീകളെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും മറ്റും മലയാലപ്പുഴ സ്റ്റേഷനിലും കേസുകളിൽ ഉൾപ്പെട്ടു. പന്തളം പോലീസ് എടുത്ത ഒരു കേസിലും പ്രതിയാണ്. അന്വേഷണത്തോട് സഹകരിക്കാത്തതിനാലും, ഒളിപ്പിച്ച ബാക്കി മെഷീനറികൾ കണ്ടെത്തണ്ടതിനാലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ് ഐ വിമൽ രംഗനാഥ് , എസ് സി പി ഓ രഞ്ജിത് , ജോസൺ , അരുൺ, അൽസാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.


