ഊമപ്പെണ്ണ് വന്ദനയായി വ്യാജ പ്രൊഫൈലിലൂടെ 23 ലക്ഷം തട്ടിപ്പ് : തട്ടിപ്പ് വീരൻ സതീഷിനെ ആറന്മുള പൊലീസ് പിടികൂടി

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യാനങ്ങളിൽ വ്യാജ പ്രൊഫൈൽ സ്ത്രീയുടെ പേരിലുണ്ടാക്കി ഒരാളിൽ നിന്ന് മാത്രമായി തട്ടിയത് 23 ലക്ഷം. ഇതിനായി ഒരേ സമയം രണ്ടു വാട്‌സാപ്പ് പ്രൊഫൈലുകൾ. മൂന്നാമനായി നേരിട്ടും വന്നു. ഒടുവിൽ തട്ടിപ്പിനിരയായ ആളുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ.

തിരുവനന്തപുരം പാറശാല ,തച്ചൻവിള പ്രായരക്കൽ വിള വീട്ടിൽ ജ്ഞാനക്കണ്ണിന്റെ മകൻ സതീഷ് ജപകുമാർ (41) ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. വന്ദനകൃഷ്ണ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചത്. സംസാര ശേഷിയില്ലാത്തയാളായാണ് വന്ദന കൃഷ്ണ ഫേസ് ബുക്ക് പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ടത്. 2019 ലാണ് കോഴഞ്ചേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വന്ദന കൃഷ്ണയുടെ പിതാവ് റിട്ട എസ്.പി വാസുദേവൻ നായർ എന്ന പേരിൽ പരാതിക്കാരനുമായി വാട്‌സാപ്പിലും സതീഷ് ചാറ്റിങ് തുടങ്ങി.

ഒരേ സമയം രണ്ട് പേരിൽ വാട്‌സാപ്പിലും ഫേസ്ബുക്കിലുമായി പരാതിക്കാരനുമായി ബന്ധം മുറുക്കി. വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്ന് നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. പരാതിക്കാരന് പത്തനംതിട്ട ഉള്ള സ്വകാര്യ കോളജ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡീസ് സെന്ററർ ആക്കി ഉയർത്താം എന്നു പറഞ്ഞും പണം വാങ്ങി. ഇതിന്റെ ഇൻസ്‌പെക്ഷൻ എന്ന വ്യാജേനെ പ്രതി തന്നെ തമിഴ്‌നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയിൽ എത്തി പരിശോധന നടത്തി. രേഖകളും മറ്റും വാങ്ങി പോവുകയും ചെയ്തു.

പാറശാല സ്വദേശിയായ സതീഷ് 12 കൊല്ലം മുമ്പ് വീടും നാടും ഉപേക്ഷിച്ച് പോന്നതാണ്. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് മറ്റും താമസിച്ചു വരുന്നു. എറണാകുളം തൈക്കുടത്തിന് സമീമുള്ള സ്ഥലത്ത് ചാർട്ടേഡ് അക്കൗണ്ടന്റ് ജോലിയാണ് ആണെന്നു പറഞ്ഞ് മൂന്നു വർഷമായി താമസിച്ചു വരികയായിരുന്നു. ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതായും പരാതിയുണ്ട്. മൂന്നുവർഷമായി യാതൊരു ജോലിയും ചെയ്യാതെ തട്ടിപ്പു നടത്തി കിട്ടുന്ന പണം മാത്രം ഉപയോഗിച്ച് ജീവിക്കുന്നു. തട്ടിയെടുക്കുന്ന പണം മദ്യപിക്കുന്നതിനും ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും വേണ്ടിയായിരുന്നു ഇയാൾ കൂടുതൽ ചെലവാക്കിയത്. ഇയാളുടെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ അലോഷ്യസ്, നുജൂം, വിനോദ് കുമാർ, എസ്.സി.പി.ഓ സലിം, നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ, രാജഗോപാൽ, ജിതിൻ ഗബ്രിയേൽ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *