പത്തനംതിട്ട: നഗരം അണിഞ്ഞൊരുങ്ങി. അഭിമാനത്തോടെ ലോക സിനിമാ ആസ്വാദനത്തിനു വേദിയൊരുങ്ങി.. പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മറ്റെന്നാൾ നവംബർ എട്ടു മുതൽ 10 വരെ നടക്കും. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന മേളയ്ക്ക് പത്തനംതിട്ട ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ഏകോപനം നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജനറൽ കൺവീനറും ലൂമിയർ ലീഗ് സെക്രട്ടറിയുമായ എം.എസ്. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മലയാളം, ഇന്ത്യൻ, ലോകം എന്നീ മൂന്ന് വിഭാഗങ്ങളിലായി 28 സിനിമകൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്‌ക്രീൻ 2,3, രമ്യ എന്നീ തീയറ്ററുകളും ടൗൺഹാളുമാണ് പ്രദർശന വേദികൾ. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മുതൽ 2023 ൽ എത്തി നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 സിനിമകൾക്ക് രണ്ട് പ്രദർശനങ്ങൾ വീതം ഉണ്ട്. ആകെ 37 പ്രദർശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.


ഉദ്ഘാടന സമ്മേളനം എട്ടിന് വൈകിട്ട് 4.30 ന് ഐശ്വര്യ തീയേറ്ററിൽ നടക്കും. വിഖ്യാത ചലച്ചിത്രകാരൻ ഷാജി.എൻ. കരുൺ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ്ജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവൽ ലോഗോ രൂപകൽപ്പനയ്ക്കുള്ള സമ്മാനം ആന്റോ ആന്റണി എം.പി വിതരണം ചെയ്യും. തുടർന്ന് മൂന്ന് ദേശീയ അവാർഡുകൾ നേടിയ ആനന്ദ് ഏകർഷിയുടെ ആട്ടം പ്രദർശിപ്പിക്കും.
ഒമ്പതിന് രാവിലെ 9.30 മുതൽ നാലു സ്‌ക്രീനുകളിലായി പ്രദർശനം തുടരും. രാവിലെ 11 ന് ടൗൺഹാളിൽ സെമിനാർ, പുസ്തക പ്രകാശനം ഓപ്പൺ ഫോറം എന്നിവ നടക്കും. അദൃശ്യ ജാലകങ്ങൾ, വലൈസ പറവകൾ എന്നിവയുടെ പ്രദർശനത്തിന് ശേഷം സംവിധായകരായ ഡോ. ബിജു, സുനിൽ മാലൂർ എന്നിവർ പ്രേക്ഷകരുമായി സംവദിക്കും.

10 ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാരായ അഡ്വ.മാത്യു. ടി. തോമസ്, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ, ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, മെമ്പർ സെക്രട്ടറി സുധീർ രാജ്.ജെ.എസ് എന്നിവർ സംബന്ധിക്കും. ഇതുവരെ മുന്നൂറിലധികം ഡെലിഗേറ്റുകൾ രജിസ്റ്റർ ചെയ്തു. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. കോളജ് വിദ്യാർഥികൾക്ക് 150 രൂപയാണ്. 13 മലയാള സിനിമകളാണ് പ്രദർശനത്തിനുള്ളത്. 10 ലോക ക്ലാസിക്കുകളും ഉണ്ട്. ഡെലിഗേറ്റ് രജിസ്ട്രേഷൻ മുഖേനെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മേളയ്ക്ക് മുന്നോടിയായി നാളെ വൈകിട്ട് മൂന്നിന് സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നും വിളംബര ജാഥ നടക്കും. അച്ചടി/ദൃശ്യ/ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മികച്ച കവറേജിന് പുരസ്‌കാരം ഉണ്ടായിരിക്കുമെന്ന് പി കെ അനീഷ് (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ), സി കെ അർജുനൻ (ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ) എന്നിവർ അറിയിച്ചു.


