വില കൂടിയതോടെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചിയുടെ വേലിയേറ്റം:

Food
Print Friendly, PDF & Email

ഇടുക്കി : തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചി കേരളത്തിലേക്ക് കടത്തുന്ന സംഘം വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോടെ കോൾഡ് സ്‌റ്റോറേജ് വഴിയാണ് ഏറെയും ഇത്തരം മാംസങ്ങൾ വിറ്റഴിക്കുന്നത്. ഇറച്ചിയുടെ വില കൂടിയതും ക്ഷാമവുമാണ് സുനാമി ഇറച്ചി വിപണിയിൽ എത്താനുള്ള കാരണം. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാൻ ഏജൻസികളും സജീവമാണ്.

ഹോട്ടലുകൾ, ബാറുകൾ,വിവിധ ക്യാന്റീനുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവയിൽ അധികവും സുനാമി ഇറച്ചിയാണ്. കോൾഡ് സ്‌റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ഇല്ലാത്തതിനാൽ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല. ശരിയായ രീയിതിൽ കശാപ്പ് ചെയ്യാത്തതും ശാസ്ത്രീയമായി ഫ്രീസുചെയ്യാത്തതുമായ ഇറച്ചിയെയാണ് സാധാരണ ഗതിയിൽ സുനാമി ഇറച്ചി എന്നുപറയുന്നത്. മാരക അസുഖം ബാധിച്ച് ചത്ത മൃഗങ്ങളുടെ ഇറച്ചിവരെ ഈയിനത്തിൽ ഉൾപ്പെടുന്നു.

കോഴി മുതൽ ആട്, പോത്ത്, കാള, പശു തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചിവരെ സുനാമി ഇറച്ചിയായി കേരളത്തിൽ എത്തുന്നുണ്ടെന്നും വിവരമുണ്ട്. ഇത്തരം ഇറച്ചി കഴിച്ചാൽ വയറിളക്കം, ഛർദി ഉൾപ്പെടെ ഉദര സംബന്ധമായ പ്രശ്‌നങ്ങളുമായിട്ടായിരിക്കും തുടക്കം. തമിഴ്‌നാട്ടിലെ തേനി,ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിൽ നിന്ന് ചത്തമാടുകളെയടക്കം ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കേരള ലീഗൽ സർവീസ് അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.ഇതിന്റെ പശ്ചാത്തലത്തിൽ ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് വരുന്നത് തടയാൻ നടപടി സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.ആ സമയത്ത് ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തിയിരുന്നു.പരിശോധനകൾ നിലച്ചതോടെ വീണ്ടുംഇത്തരം ഇറച്ചി അതിർത്തി കടന്നെത്തുന്നത്.

തേനി,ദിണ്ടിഗൽ ജില്ലകളിൽ പ്രവർത്തിക്കുന്ന അറവു ശാലകളിൽ വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മാട്ടിറച്ചി മതിയായ ശീതീകരണ സംവിധാനങ്ങൾ ഇല്ലാതെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.
വഴിയോരത്താണ് മാടുകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും. രോഗം മൂലം ചത്ത മാടുകളുടെ ഇറച്ചിയാണോ വിൽക്കുന്നത് എന്ന് പോലും അറിയാൻ കഴിയില്ല. പഴകിയ ഇറച്ചിയിൽ മാടുകളുടെ രക്തം ഒഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *