മെഴുവേലി – നാടിന്റെ അഭിമാനമായ ഈ കായികതാരത്തെ വാക്കുകളിലൂടെയെങ്കിലും ഒന്ന് അഭിനന്ദിച്ചോട്ടെ, ദേവനന്ദ എന്ന ഈ മിടുക്കി എന്റെ സഹപാഠിയുടെ മകൾ കൂടിയാണ്. ഇപ്പോൾ പത്രവിതരണക്കാരനായ കുറിയാനിപ്പള്ളിക്കാരൻ ഡി ബിജുവിന്റെ മകൾ. തുടർച്ചയായി 3 കിലോ ഷോട്ട് പുട്ട് വിഭാഗത്തിൽ മൂന്നുവർഷവും ഗോൾഡ് മെഡൽ. രണ്ടു വർഷമായി ഡിസ്‌ക്കസ്ത്രോയിൽ 1 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ, ഹാമർത്രോയിൽ 3 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ, കേരളാ നെറ്റ് ബോൾ 2023 – 24 ഗോൾഡ് വിന്നർ, കേരളാ ടെന്നികിറ്റിൽ മൂന്ന് വർഷമായി വിന്നർ, കേരളാ ബാസ്‌ക്കറ്റ്ബോളിൽ രണ്ടു വർഷമായി വിന്നർ, കേരളാ സ്റ്റേറ്റ് വടംവലിയിൽ മൂന്നു വർഷമായി വിന്നർ, സ്‌കൂൾ ജില്ലാതല വിജയങ്ങൾ കൂടാതെയാണിതൊക്കെ. അഭിനന്ദിക്കേണ്ടേ ?

ദേവാനന്ദയുടെ ഈ വിജയങ്ങൾക്ക് പിന്നിൽ നിഴൽ പോലെ മുൻ കായിക താരമായിരുന്ന അമ്മയുടെ ശക്തിയും, പ്രോത്സാഹനവുമുണ്ട്. കുറിയന്നൂർ മാർത്തോമ്മ സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവനന്ദയാണ് അമ്മയുടെ പാത പിന്തുടർന്ന് കായികരംഗത്ത് ഇപ്പോൾ നേട്ടങ്ങൾ കൊയ്യുന്നത്. ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമർ ത്രോയിലും സ്വർണവും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടി. ദേവനന്ദയുടെ അമ്മ സിന്ധു 100 മീറ്ററിലും 200 മീറ്ററിലും 1200 മീറ്ററിലും സ്കൂൾതലങ്ങളിൽ ജില്ലയിലും സംസ്ഥാന തലത്തിലും മത്സരിച്ച വനിതാതാരമായിരുന്നു. മകൾ ഫീൽഡിനങ്ങളിലാണെന്ന വ്യത്യാസം മാത്രം.
ചെറുപ്പം മുതൽ തന്നെ മകളെ ഒരു കായികതാരമായി വളർത്തിയെടുക്കാനാവശ്യമായ പരിശീലനം നൽകിയത് അമ്മ സിന്ധു തന്നെയായിരുന്നു. സ്കൂളിൽ ത്രോയിനങ്ങൾക്കാവശ്യമായ പരിശീലനത്തിന് സ്റ്റേഡിയം ഇല്ല. നിലവിലുള്ള സ്റ്റേഡിയത്തിലെ മറ്റ് പരിശീലനങ്ങൾ കഴിയുംവരെ കാത്തിരുന്നാണ് പരിശീലനം. അപ്പോഴേക്കും സന്ധ്യയാകും. വീട്ടു ജോലികൾ പോലും മാറ്റി വച്ച് അമ്മയെല്ലാ ദിവസവും പരിശീലനത്തിനൊപ്പം സ്റ്റേഡിയത്തിലിരിക്കും. ദിവസവും രാത്രി എട്ടുമണിയോടെയാണ് പരിശീലനം കഴിഞ്ഞ് അമ്മയും മകളും വീട്ടിലെത്തുക. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി ഷോട്ട്പുട്ടിൽ സ്വർണം നേടി. ജില്ലാ ബാസ്‌കറ്റ് ബോൾ, ടെന്നിക്കൊയ് ടീമിലും കഴിഞ്ഞ സംസ്ഥാന നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു
.
ഈ കായികതാരത്തിന്റെ വളർച്ചക്ക് നമ്മുടെ പിന്തുണ കൂടി അത്യാവശ്യം. ഒരുപക്ഷെ നാളെ ഒളിമ്പിക്സിൽ എത്തിയേക്കാവുന്ന കായികതാരം. സർക്കാരുകളുടെ പിന്തുണക്കും അപ്പുറം നമ്മൾ നാടിന്റെ പിന്തുണയും ഈ കുട്ടിക്ക് ഉണ്ടാകണം. ഉറപ്പോടെ വാഗ്ദാനം ചെയ്യാം. നമ്മൾ നാട്ടുകാരും ദേവാനന്ദയുടെ വിജയങ്ങൾക്കൊപ്പം പ്രോത്സാഹമായി ഉണ്ടാകും. !!
ടീം പത്തനംതിട്ടക്ക് വേണ്ടി . ജിബു വിജയൻ ഇലവുംതിട്ട


