പന്തളം – എൻഎസ്‌എസ് കോളജിൽ എസ്എഫ്ഐ ഇതര വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തനാവകാശം നിഷേധിക്കുന്നതും വിദ്യാർത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എന്ന് ആരോപണം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി.
യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ വിദ്യാർത്ഥിനികളെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എബിവിപി പന്തളം പോലീസിൽ പരാതി നല്കി. അതേസമയം എസ്‌എഫ്‌ഐക്ക് അനുകൂലമായ നിലപാടാണ് പ്രിൻസിപ്പൽ ഡോ. എം.ജി. സനൽകുമാർ സ്വീകരിക്കുന്നതെന്ന് എബിവിപി ആരോപിക്കുന്നു.
എസ്‌എഫ്‌ഐക്കും അവരെ പിന്തുണയ്‌ക്കുന്ന പ്രിൻസിപ്പലിനുമെതിരെയുള്ള എബിവിപി നിലപാട് എൻഎസ്‌എസിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് പ്രിൻസിപ്പൽ ശ്രമിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് പ്രിൻസിപ്പൽ ഉപേക്ഷിക്കണമെന്ന് എബിവിപി ജില്ലാ അധ്യക്ഷൻ അരുൺ മോഹൻ ആവശ്യപ്പെട്ടു.
എസ്‌എഫ്‌ഐക്കാർ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് പ്രിൻസിപ്പൽ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എബിവിപി നഗർ സമിതി പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറാകണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത അരുൺ മോഹൻ പറഞ്ഞു.നീതി ഉറപ്പാകുംവരെ എബിവിപി പ്രതിഷേധം തുടരുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ്. അശ്വിൻ പറഞ്ഞു. ദേശീയ വനിതാ കമ്മിഷനും ദേശീയ പട്ടികജാതി കമ്മിഷനും അക്രമത്തിനിരയായ കുട്ടികളുടെ മാതാപിതാക്കൾ പരാതി നല്കിയിട്ടുണ്ട്.


