ന്യൂഡൽഹി: അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും അടക്കം മണ്ഡല വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി വിമാനത്തിൽ വരുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നൽകി വ്യോമയാന മന്ത്രാലയം. ശബരിമല തീർത്ഥാടകർക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് ഈ പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്. മണ്ഡല മകരവിളക്ക് തീർഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തിൽ ഇരുമുടിക്കെട്ട് അടക്കമുള്ള അയ്യപ്പന്മാർക്ക് പ്രവേശനമുണ്ടാകൂ.
സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാർ കയ്യിൽ കരുതുന്ന ബാഗേജിൽ നാളികേരം അനുവദിക്കാറില്ല. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ അപകടകരമായ വസ്തുവിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. ഇക്കാരണത്താൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരുന്നവർക്ക് അവരുടെ നാട്ടിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തിൽ യാത്ര ചെയ്തുവരാൻ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾക്ക് താത്കാലിക ഇളവ് നൽകി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.


