തിരുവനന്തപുരം : ഗൾഫിൽ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങൾ അടക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ മത്സരിക്കുകയാണ് വിമാനക്കമ്പനികൾ. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഇപ്പോൾ ഇരട്ടിയിലേറെവർദ്ധിപ്പിച്ചിരിക്കുകയാണ് .
വേനലവധിക്കാലത്തു ഗൾഫ് - കേരള യാത്രാക്കാരെ കൊള്ളയടിക്കുന്നത് എല്ലാവർഷവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ് കാര്യങ്ങൾ. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർദ്ധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വർദ്ധന. 20,000 മുതൽ 22,000 വരെയുണ്ടായിരുന്ന ജിദ്ദ-കരിപ്പൂർ നിരക്ക് 43,675 രൂപയായി. ഷാർജ കരിപ്പുർ നിരക്ക് 12,000 മുതൽ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി. ഷാർജ-കൊച്ചി നിരക്ക് 45,000ത്തിന് മുകളിലാണ്. ദുബായ്-കരിപ്പുർ, ദുബായ്-കൊച്ചി, ദുബായ് തിരുവനന്തപുരം നിരക്കും 40,000 മുതൽ 43,000 വരെയെത്തി.
മസ്കറ്റ് -കരിപ്പുർ , മസ്കറ്റ്- കൊച്ചി, മസ്കറ്റ് -തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭ്യമാകും. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള നിരക്കിലും വർധനയുണ്ട്. യുഎഇ സെക്ടറിലേക്ക് 9000 മുതൽ 13,000 വരെയുണ്ടായിരുന്ന നിരക്ക് 17,000 മുതൽ 20,000 വരെ ഉയർത്തി. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വർദ്ധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാർച്ച് അവസാനവാരം നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുകയാണ്.


