പത്തനംതിട്ട: വ്യാജ അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴയിൽ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നവീന്റെ കുടുംബം നിലവിൽ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ വരവ് ആശ്വാസകരമാണെന്ന് കുടുംബം പ്രതികരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമങ്ങൾക്കുള്ളത് പോലെ തനിക്കും സംശയമുണ്ട്. കഴിഞ്ഞ 25 വർഷത്തിനകത്ത് നൽകിയ എല്ലാ എതിർപ്പില്ലാ രേഖകളും (NOC) പരിശോധിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കേന്ദ്രതലത്തിൽ അന്വേഷണം നടത്തും. രണ്ടുമൂന്നു ദിവസത്തിനകം, അല്ലെങ്കിൽ ഒരാഴ്ചയ്‌ക്കകം നീക്കങ്ങൾ തുടങ്ങും. പെട്രോളിയം മന്ത്രാലയത്തിന്റെ ഒരു പോളിസി ഉണ്ട്. അതിനെ മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.



