എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ മുളച്ചു.
2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിംഗ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നേഴ്സിംഗ് കോളജിൽ അഡ്മിഷൻ എടുത്തിരുന്നു. എന്നാൽ കോളജിൽ പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ട് മൂന്ന് മാസത്തോളം കിടക്കയിലായിരുന്നു. ചികിത്സയിൽ ആയതിനാൽ കോളജിൽ പോകാൻ സാധിച്ചില്ല. തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതർ തയ്യാറായതുമില്ല.

ലയൺസ് ക്ലബ് എടത്വ ടൗൺ ഭാരവാഹികളും കോളജ് അധികൃതരും ധാരണ പത്രം കൈമാറുന്നു.
ഈ വർഷം മറ്റൊരു കോളജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച പ്രകാരമാണ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് അപേക്ഷ നല്കിയത്. അങ്ങനെയിരിക്കുമ്പോൾ ആണ് വയനാട് പ്രകൃതി ദുരന്തത്തിൽ വീടും പണവും എല്ലാം നഷ്ടപെടുന്നത്. നേഴ്സിംഗ് പഠനം അസാധ്യമെന്ന് കരുതി നിരാശയിൽ കഴിഞ്ഞിരുന്ന അശ്വിന്റെ അവസ്ഥയറിഞ്ഞാണ് സുമനസ്സുകൾ കൈത്താങ്ങായി എത്തിയത്. ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഫീസ് പൂർണ്ണമായും ഇളവ് ചെയ്തു. താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുക എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്ആർസി യും ചേർന്ന് നല്കും. തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച് കോളജ് അധികൃതരുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളായ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, കോളജ് പി.ആർ.ഒ: ബനോജ് മാത്യൂ, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കോർപ്സ് വുമൺസ് വിംഗ് പ്രസിഡണ്ട് പ്രമീള ഭാസ്കർ, മൈനോറിറ്റി സെൽ പ്രസിഡണ്ട് സുനു ഇഞ്ചക്കലേത്ത് ,ഹ്യൂമൻ റൈറ്റ്സ് കോർപ്സ് പത്തനംതിട്ട ജില്ലാ ഡയറക്ടർ ലിതൻ മാത്യു എന്നിവർ ധാരണപത്രങ്ങൾ കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കളോടോപ്പം കോളജിലെത്തിയ അശ്വിന്റെ നേഴ്സിംഗ് പഠനത്തിന് ഉള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി.


