ആശുപത്രികളിൽ കൂട്ടിരിപ്പുകാരുടെ പണം വിദഗ്ധമായി മോഷ്ടിക്കുന്ന വീട്ടമ്മയെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്

Crime

കോന്നി: ആശുപത്രികളിൽ കറങ്ങി നടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ പോലീസ് വിദഗ്ദ്ധമായി കുടുക്കി. ആറന്മുള പുതുവേലിൽ ബിന്ദുരാജി(41)നെയാണ് പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14 ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഭർത്താവിനെ ചികിത്സയ്‌ക്കെത്തിച്ച പയ്യനാമൺ സ്വദേശിനി ഏലിയാമ്മ(65)യുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവർ മോഷ്ടിച്ച് കടന്നിരുന്നു. അന്നുച്ചയ്ക്ക് ഒരു മണിയോടു കൂടി ആശുപത്രിയിലെത്തിയ മോഷ്ടാവ് ആശുപത്രിയിൽ കറങ്ങി നടക്കുകയും, രോഗികൾ കിടക്കുന്ന മുറികളിൽ കയറിയിറങ്ങി പരിശോധന നടത്തുകയും ചെയ്തു. തുടർന്ന്, ഡയാലിസിസ് യൂണിറ്റിന് സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗിൽ നിന്നും തന്ത്രപൂർവം പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.

ഭർത്താവിനെ ഡയാലിസിസിന് കയറ്റിയപ്പോൾ പുറത്ത് കസേരയിലിരുന്ന് ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് സമീപമെത്തിയ മോഷ്ടാവ് അരികത്ത് വച്ച ബാഗിൽ നിന്നും പണവും രേഖകളുമടങ്ങിയ പേഴ്‌സ് കവർന്നത്. ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്ടമായത്. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു. ഏലിയായമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പോലീസ്, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചു. സിസിടിവികളിൽ തിരിച്ചറിയാതിരിക്കാൻ മാസ്‌ക്കും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തെ ത്തുടർന്ന്, പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തി. അങ്ങനെയാണ്, ഇന്നലെ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ബിന്ദു രാജിന് ആറന്മുള, തിരുവല്ല, പത്തനംതിട്ട പോലീസ് സ്‌റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകൾ നിലവിലുണ്ട്.സ്വകാര്യ ആശുപത്രികളിൽ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളിൽ നിന്നും പണം മോഷ്ടിക്കുകയാണ് ഇവരുടെ രീതി. കോന്നി പോലീസിന്റെ മികവാർന്ന അന്വേഷണം കാരണമാണ് മോഷ്ടാവിനെ വേഗത്തിൽ കുടുക്കാൻ സാധിച്ചത്. മോഷ്ടിച്ച പണവും ഇവർ യാത്ര ചെയ്ത വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുക്കുകയും, തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഡിവൈ.എസ്.പി ടി. രാജപ്പന്റെ മേൽനോട്ടത്തിലും കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലും നടന്ന അന്വേഷണത്തിൽ എസ്.ഐ വിമൽ രംഗനാഥൻ, സി.പി.ഓമാരായ റോയി, പ്രമോദ്, അരുൺ, ജോസൺ, രഞ്ജിത്ത് എന്നിവരാണ് പങ്കെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *