പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയുടെ പാരമ്പര്യ മുഖം നഷ്ടമാക്കി കൂലിത്തുഴച്ചിലുകാർ. ഇറക്കുമതി തുഴച്ചിൽക്കാർ പാടില്ലെന്ന് 52 കരകളും പളളിയോട സേവാസംഘവും കട്ടായം പറയുമ്പോൾ തന്നെ മറുവഴിക്ക് കൂലിത്തുഴച്ചിലുകാർ ജലമേള കൈയടക്കുന്നു. കോടിക്കണക്കിന് രൂപ സമീപ ജില്ലകളിലെ തുഴച്ചിലുകാർ പോക്കറ്റിലാക്കി. ലക്ഷങ്ങൾ മുടക്കിയിട്ടും കപ്പ് കിട്ടാതെ വന്നപ്പോൾ കരക്കാർ ഭാരവാഹിയെ മർദിച്ച സംഭവവും ഉണ്ടായി.
ആറന്മുള ഉത്രട്ടാതി ജലമേളയിൽ മിക്ക പള്ളിയോടങ്ങളിലും പുറമെ നിന്നുള്ള തുഴച്ചിൽകാർ കയറിയെന്ന ആരോപണം കരകളിൽ ശക്തമാണ്. എ ബാച്ച് പള്ളിയോടങ്ങളിൽ മുപ്പത് മുതൽ അൻപത് വരെയും ബി ബാച്ചിൽ ഇരുപതിനും മുപ്പതിനും ഇടയിലും തുഴച്ചിൽകാരെ പുറമെ നിന്നും കൊണ്ടു വന്നു എന്നാണ് ആരോപണം. മുപ്പതിൽ അധികം പള്ളിയോടങ്ങളിൽ ഇത്തരത്തിൽ തുഴച്ചിലുകാർ കയറിയത്രെ. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബോട്ട് ക്ലബുകളിൽ നിന്നുള്ളവരാണ് കരാർ ഏറ്റെടുത്തത്. പുറമെ നിന്നുള്ള തുഴച്ചിൽകാരെ ഒഴിവാക്കണമെന്ന നിയമം പാസാക്കിയ സേവാസംഘം ഭാരവാഹികളുടെ പള്ളിയോടങ്ങളിലും ആറന്മുള ജലമേളയുടെ പൈതൃകം ഘോഷിക്കുന്നവരുടെ പള്ളിയോടങ്ങളിലും കരാർ കൂലി തുഴച്ചിലുകാർ ഉണ്ടായിരുന്നു.
ഒരു ക്ലബ്ബിനെ ഒന്നിച്ച് കരാർ എടുത്തവർ ഇതിൽ നിന്നും സഹോദര കരകൾക്ക് പങ്കു വച്ച് നൽകുകയും ചെയ്തു. ഇത്തരത്തിൽ ആലപ്പുഴയിലെ ഒരു ക്ലബ്ബിൽ നിന്നും വന്ന 100 പേരെ മൂന്ന് കരകൾ വീതിച്ചെടുക്കുകയും ചെയ്തതായി പ്രചാരണമുണ്ട്. എന്നിട്ടും പള്ളിയോടം വിജയിക്കാതെ കരയിൽ മടങ്ങി എത്തിയപ്പോൾ ഭാരവാഹിക്ക് മർദനം ഏറ്റു.
ജല ഘോഷയാത്രക്ക് ശേഷം മത്സര വള്ളം കളിയിലേക്ക് കടക്കുമ്പോഴാണ് പള്ളിയോടത്തിന്റെ മധ്യഭാഗത്തുള്ള തുഴച്ചിൽകാർക്ക് മാറ്റം ഉണ്ടാകുന്നത്.ഇവിടെ ഇരു വശത്തും ഇരുന്ന് തുഴയുന്ന കരക്കാർക്ക് പകരം കൂലിതുഴച്ചിലുകാർ സ്ഥാനം പിടിക്കും. ഇരുവശത്തുമായി 20,30 പേർ വീതം തുഴയാൻ കയറും. അപ്പോൾ 90 തുഴച്ചിൽക്കാർ ഉള്ള പള്ളിയോടത്തിൽ വേഗത നിശ്ചയിക്കുന്ന പ്രധാന മധ്യഭാഗം ഇവർ കൈയടക്കും. പിന്നെല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്. കരയിലെ പ്രമാണികൾ നാലോ അഞ്ചോ പേർ അമരത്തു ഉണ്ടാകും. പാട്ടുകാർ നാലു പേർ, റിസേർവ് നയമ്പുകാരും തുഴച്ചിൽകാരും കരയിൽ നിന്നുള്ളവരും. ഇങ്ങനെ ആയിരുന്നു പള്ളിയോടങ്ങൾ മത്സരത്തിൽ പങ്കെടുത്തത്. ഇത്തരത്തിൽ തുഴച്ചിൽകാരെ കൊണ്ടുവന്ന ഓരോ പള്ളിയോട കരക്കും മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചിലവായിട്ടുണ്ട്. ഒന്നര ലക്ഷം രൂപ ആയിരുന്നു പല ക്ലബുകളുടെയും കുറഞ്ഞ നിരക്ക്. ഇതിന് പുറമെ ഭക്ഷണം, താമസം, യാത്ര, മുന്തിയ ഇനം എനർജി ഡ്രിങ്ക്‌സ് എന്നിങ്ങനെ പോകുന്നു കരക്കാരുടെ ചെലവ്. ഇതെല്ലാം കൂടി കണക്കാക്കുമ്പോൾ ഏതാണ്ട് ഒന്നര കോടിയിലധികം തുക ഒരു ദിവസത്തേക്ക് മാത്രം ആറന്മുള പാർഥസാരഥിയുടെ സാന്നിധ്യമുള്ള പള്ളിയോട കരകളിൽ നിന്നും പടിഞ്ഞാറേക്കും തെക്കോട്ടും ഒഴുകിയിട്ടുണ്ട്. പല കരകളിലും യുവാക്കളെ തുഴച്ചിൽ പഠിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കര പ്രമാണിമാരുടെ ആവേശത്തിൽ പുറമെ നിന്നുള്ളവരെ കൊണ്ടുവരികയാണ് ചെയ്യുന്നത്. മറ്റുള്ളവരോട് മത്സരിക്കേണ്ടി വരുമ്പോൾ അതിനുള്ള പണം പാർഥസാരഥിക്ക് വഴിപാട് വള്ള സദ്യ നടത്തുമ്പോൾ ലഭിക്കുന്ന ദക്ഷിണ തുകയിൽ നിന്നും എടുത്ത് ചെലവഴിക്കേണ്ടിയും വരുന്നു എന്നത് എല്ലാവരും വിസ്മരിക്കുന്നു എന്നതാണ് ഏറെ ദുഖകരം.


