പത്തനംതിട്ട: വീടിന്റെ സിറ്റൗട്ടിൽ നിന്നും സ്റ്റീൽ ഡെസ്‌ക്കുകൾ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഇലന്തൂർ നെല്ലിക്കാല പരിയാരം ശ്രീജിത്ത് ഭവനിൽ സുജിത് സേനൻ (31), തുമ്പമൺ തറ മായക്കോട്ടു വീട്ടിൽ എം പി സുനിൽ (51) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കാല വൈഷ്ണവം മഞ്ജു വിനോദിന്റെ വീട്ടിൽ നിന്നും 18 ന് രാവിലെയാണ് ഒന്നാം പ്രതി സുജിത് സ്റ്റീൽ ഡെസ്‌ക്കുകൾ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിയത്. 6500 രൂപ വിലവരും. പരിയാരത്തുള്ള വിജയൻ എന്നയാളുടെതാണ് ഓട്ടോറിക്ഷ.
മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ആറന്മുള പോലീസ് പരിയാരത്തുനിന്നും സുജിത്തിനെ പിടികൂടി. ഇയാളുടെ മൊഴി പ്രകാരം, മോഷണ മുതൽ 500 രൂപയ്ക്ക് വാങ്ങിയ സുനിലിനെ സ്‌റ്റേഷനിൽ വിളിപ്പിച്ചു. മോഷ്ടിച്ചവയാണെന്ന് അറിഞ്ഞാണ് ഡെസ്‌ക്കുകൾ വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു. ഇയാൾ പറഞ്ഞതുപ്രകാരം തുമ്പമൺ തറയിൽ നിന്നും ഇവ പിന്നീട് പോലീസ് കണ്ടെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ആറന്മുള പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ അലോഷ്യസ്, എഎസ്‌ഐ സുരേഷ്, എസ്‌സിപിഓമാരായ പ്രദീപ്, ബിന്ദു ലാൽ, രമ്യത്ത്, ബിനു ഡാനിയേൽ, സിപിഓമാരായ സൈഫ്, ജിതിൻ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

