വേട്ടക്കൊരുങ്ങി കൊച്ചിയുടെ നീലക്കടുവകൾ ; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ലോഗോ സംവിധായകൻ ബ്ലസി പ്രകാശനം ചെയ്തു

Sports
Print Friendly, PDF & Email

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎൽ താരവും പേസ് ബൗളറുമായ ബേസിൽ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യൻ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലസി, ടീം ഉടമയും സിംഗിൾ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവൽ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, സൺറൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസിൽ തമ്പി തന്നെയാണ് ടീമിന്റെ ഐക്കൺ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യൻ ആന്റണി 12 വർഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.

ചടങ്ങിൽ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉൾപ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സിംഗിൾ ഐഡിയുടെ ബ്രാൻഡ് അംബാസിഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേഷം വർദ്ധിക്കാൻ പ്രധാനകാരണമായതെന്നും സുഹൃത്തുകൂടിയായ ബേസിൽ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തി നൽകിയതെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. എം.എസ് ധോണിയിൽ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയിൽ മികച്ച പ്രതിഭകളെ കണ്ടെത്തി വളർത്തുവാൻ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാൻ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകൻ ബ്ലസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വർഷം മുതൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റർനാഷണൽ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ മികവുറ്റ കളിക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആർ,ത്രോഡൗൺ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേൽ ബെൻ കുര്യൻ, പെർഫോമൻസ് അനലിസ്റ്റ്- സജി സോമസുന്ദരം,ട്രെയിനർ- ക്രിസ്റ്റഫർ ഫെർണാണ്ടസ് ടീം കോർഡിനേറ്റർ- വിശ്വജിത്ത് രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *