തിരുവല്ല – കായിക താരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളടങ്ങിയ സ്റ്റേഡിയത്തിനായി കായിക സംഘടനകളെയും പൊതുജനങ്ങളെയും ചേർത്ത് സമരത്തിലേക്ക് പോകാനും തയ്യാറാണെന്ന് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ പ്രകാശ് ബാബു പറഞ്ഞു. ഒളിമ്പിക്സ് ദിനാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിൽ എംഎൽഎ മാത്യു ടി തോമസിന്റെ മുന്നിലായിരുന്നു ഈ പ്രഖ്യാപനം.

തുടർന്നു സംസാരിച്ച എംഎൽഎ, മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകാൻ താൻ എപ്പോഴും തയ്യാറാണ് എന്ന് ഉറപ്പു നൽകി. സ്റ്റേഡിയം നിർമ്മാണം ഏറ്റെടുത്ത് ആര് മുന്നോട്ടുവന്നാലും ഒപ്പം നിൽക്കും എന്നും പറഞ്ഞു. തുടർന്ന് ചടങ്ങിൽ സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിയിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, വ്യാപാരി വ്യവസായി പ്രതിനിധി എം സലിം തുടങ്ങിവർ സ്റ്റേഡിയത്തിന്റെ ആവശ്യകതയും ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയും എടുത്തുപറഞ്ഞു. നഗരസഭ ഓപ്പൺ സ്റ്റേജിൽ നടന്ന ഒളിമ്പിക്സ് ദിനാഘോഷ സമ്മേളനം സ്റ്റേഡിയത്തിനായുള്ള സമര പ്രഖ്യാപന വേദിയായി മാറി.


