തിരുവല്ല: സിപിഎമ്മിനുള്ളിൽ നടപടികൾ തുടരുന്നു. തിരുവല്ലാ ഏരിയ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി ആന്റണിയ്ക്ക് പിന്നാലെ ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബു എന്ന് അറിയപ്പെടുന്ന പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് എൽ സി സെക്രട്ടറി കെ കെ കൊച്ചുമോൻ എന്നിവരെയും സ്ഥാനത്ത് നിന്നും നീക്കി. ജില്ല സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
അഡ്വ. കെ. അനന്ത ഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ദേവസ്വം ബോർഡിലേക്ക് ജോലി വാഗ്ദാനം ചെയ്തു പാർട്ടി അംഗത്തിന്റെ മകനിൽ നിന്നടക്കം പണം തട്ടിയ സംഭവത്തിൽ ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തത്.
ഫ്രാൻസിസ് വി. ആന്റണി അടക്കമുള്ള ചില നേതാക്കൾക്ക് എതിരെ വ്യാജ പരാതി നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് കെ കെ കൊച്ചുമോനെ എൽസി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. നേരത്തെ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തെ പാർട്ടി താക്കീത് ചെയ്തിരുന്നു. മുതിർന്ന സിപിഎം നേതാവായ ശ്രീധരനെതിരെയാണ് നടപടി എടുത്തത്.
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുതിര്ന്ന നേതാവ് കെ.കെ. ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഇടപെട്ടെന്നായിരുന്നു ആരോപണം. ഇത് വിവാദമായതിനെത്തുടർന്ന് മേഖലയിൽ പാർട്ടി വിശദീകരണ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ശ്രീധരനും പങ്കെടുത്തു. താനൊന്നും പറഞ്ഞില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. ഇതെല്ലാം ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായിരുന്നു. എന്നിട്ടും ശ്രീധരനെതിരെ അച്ചടക്ക നടപടി എടുത്തു. അതിനിടെ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാവുകയാണ്.
ഭൂമി കയ്യേറ്റം ഇല്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ജോർജ് ജോസഫ് തന്റെ കെട്ടിടത്തിന്റെ മുന്നിലുള്ള സ്ഥലം കയ്യേറിയെന്നായിരുന്നു കോൺഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജോർജ് ജോസഫും സി.പി.എം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്. അതായത് മന്ത്രിയുടെ ഭർത്താവിന് ക്ലീൻ ചിറ്റ് കിട്ടുമ്പോഴാണ് ശ്രീധരനെതിരെ നടപടി എടുക്കുന്നത്.
ശ്രീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പഞ്ചായത്ത് പ്രിസഡന്റ് പദവിയിൽ നിന്നും മാറ്റണമെന്നുമെല്ലാം അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ലോക്സഭയിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തിൽ ജനകീയനായ ശ്രീധരനെതിരെ കുടത്ത നടപടി എടുക്കാനാകില്ലെന്ന് ഭൂരിപക്ഷം നിലപാട് എടുത്തു. ഇതു കൊണ്ടാണ് ഏറ്റവും ചെറിയ പാർട്ടി ശിക്ഷയായ താക്കീത് ശ്രീധരന് നൽകുന്നത്.
പാർട്ടി ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവിനെതിരായ ആരോപണങ്ങൾ വിഴുങ്ങി ശ്രീധരൻ രംഗത്ത് വന്നതും മുഖവിലയ്ക്കെടുത്തു. വിവാദ റോഡിന്റെ അലൈൻമെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരൻ പറഞ്ഞിരുന്നു. വിവാദങ്ങളിൽ നിന്ന് തലയൂരാൻ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ മലക്കം മറിച്ചിൽ.
പാർട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദങ്ങൾക്കൊടുവിൽ തുറന്നടിച്ചതെല്ലാം കെകെ ശ്രീധരൻ തിരുത്തിയിരുന്നു. മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവ് ജോർജ്ജ് ജോസഫിന്റെ പേര് പോലും പ്രസംഗത്തിൽ പറഞ്ഞില്ല. എന്തിന് വിവാദമായ ഏഴംകുളം കൈപ്പട്ടൂർ റോഡ് പദ്ധതിരേഖയോ അലൈൻമെന്റോ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചത്.
മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതിമാറ്റിച്ചെന്ന കെകെ ശ്രീധരന്റെ തുറന്നുപറച്ചിൽ പാർട്ടിയെയും മന്ത്രിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയരുന്നു. പിന്നാലെ കോൺഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈൻമെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടകനായ യോഗത്തിൽ നേതൃത്വം പറഞ്ഞതുപോലെ ശ്രീധരൻ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങൾക്ക് കാരണം കോൺഗ്രസുകാരനെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിച്ചു.


