**ഏഴംകുളം കുടുംബാരോഗ്യ ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യകേന്ദ്രം
**ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
**ശിലാഫലക അനാശ്ചാദനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു
ഏഴംകുളം കുടുംബാരോഗ്യ ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യ കേന്ദ്രമാകും. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ്‌സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായിരുന്നു.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് സബ് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രം ആക്കി മാറ്റുന്നത്.
അറുകാലിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശിലാഫലകം അനാശ്ചാദനം ചെയ്തു.
ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ഒന്‍പത് മുതല്‍ നാല് വരെ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെറ്റര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ആശാപ്രവര്‍ത്തകര്‍, മിഡ് ലെവല്‍ പ്രൊവൈഡര്‍ തുടങ്ങിയവരുടെ സേവനം ഇനിമുതല്‍ ഇവിടെ ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ, ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ രജിത ജയ്‌സണ്‍, എ.എസ്.ഷമിന്‍ , ലിജി ഷാജി, ഇ.എ ലത്തീഫ്, വി.ആര്‍ ബേബിലീന , ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, ആസൂത്രണസമിതി അംഗം സി മോഹനന്‍ നായര്‍, ജി രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ മോഹന്‍, ഡോ. ശ്രീകുമാര്‍, ഡോ.അംജിത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


