വൃശ്ചിക പുലരിയിൽ അയ്യനെ കണ്ട് ആയിരങ്ങൾ

Kerala Pathanamthitta

സന്നിധാനം- മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് വൃശ്ചിക പുലരിയിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധാനത്ത് ദർശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാർ. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതിൽ എത്തിയിട്ടുള്ളത്. മണികണ്ഠന്മാരും കൊച്ചു മാളികപ്പുറങ്ങളും അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കുമൊപ്പമുണ്ട്. സുഖദർശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നു മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീർഥാടകർ മടങ്ങിയത്.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, അംഗങ്ങളായ അഡ്വ.എ അജികുമാർ, സുന്ദരേശൻ, ശബരിമല എഡിഎം സൂരജ് ഷാജി ഐ എ എസ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ. അജിത് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീർഥാടകർക്ക് വലിയ അനുഗ്രഹമാണ്. തീർഥാടകർ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും ഉരുളക്കിഴങ്ങുകറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള പോലീസിന്റെ സുരക്ഷാ ക്രമീകരണം തീർഥാടകർക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദർശനത്തിനായി അധികസമയം തീർഥാടകർക്ക് കാത്തു നിൽക്കേണ്ടി വരുന്നില്ല.

ദർശനം നടത്തി വഴിപാടുകൾ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാർ മടങ്ങുന്നത്. മലകയറി വരുന്ന തീർഥാടകർക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നതിനു ദേവസ്വം ബോർഡ് മികച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കൽ ബേയ്സ് ക്യാമ്പിൽ വിരിവയ്ക്കുന്നതിനും വാഹന പാർക്കിംഗിനും ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയതും തീർഥാടകർക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. തീർഥാടകർ എത്തുന്ന മുറയ്ക്ക് നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി ആവശ്യത്തിന് സർവീസ് നടത്തുന്നുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *