പി എം – ഗതിശക്തി വകുപ്പിന്റെ പച്ചക്കൊടി ; ശബരിമല വിമാനത്താവളം നടപടികൾക്ക് പുതുജീവൻ

Kerala Kottayam
Print Friendly, PDF & Email

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് പുതുവേഗം നൽകി കേന്ദ്ര തീരുമാനം വന്നിരിക്കുന്നു. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം – ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യവും ഈ നീക്കത്തിന് പിന്നിൽ ഉണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന വികസന പദ്ധതിയായ വിമാനത്താവള നിർമ്മാണം അതിവേഗത്തിലാകും എന്നാണു കരുതപ്പെടുന്നത്.

ചെറുവള്ളി എസ്റ്റേറ്റിൽ സാമൂഹികാഘാതപഠനം നടത്തിയത് സ്വതന്ത്ര ഏജൻസിയല്ലെന്നും സർക്കാർ വിജ്ഞാപനങ്ങളിൽ ഭൂമിയുടെ കൈവശക്കാരുടെ പേരില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ കോടതി റദ്ദാക്കിയിരുന്നു. ഇനി പുതിയ സർക്കാർ വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങണം. സ്വതന്ത്ര ഏജൻസിയെ വെച്ച് സാമൂഹികാഘാതപഠനവും മറ്റും പൂർത്തീകരിക്കണം. ഇതിനെല്ലാംശേഷമേ ഡി.ജി.സി.എ. അനുമതിക്കായി പദ്ധതി സമർപ്പിക്കാനാവൂ.

ഹൈക്കോടതി ഇടപെടലിനെത്തുടർന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നും വേഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ പറഞ്ഞു. വിജ്ഞാപനത്തിന് ഒപ്പം വിമാനത്താവളത്തിന്റെ വിശദ പദ്ധതിരേഖയും (ഡിപിആർ) പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും കണ്ടെത്തണം.

Leave a Reply

Your email address will not be published. Required fields are marked *