വീണ്ടും മഴ ; ജാഗ്രത വേണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ വരുംദിവസങ്ങളിൽ മഴമുന്നറയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

ഓഗസ്റ്റ് 19ന് ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ്, 18നും 20നും മഞ്ഞ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ആവശ്യമായ ഘട്ടത്തിൽ മാറിതാമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വയ്ക്കണം.

അടച്ചുറപ്പില്ലാത്ത-മേൽക്കൂരശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സാഹചര്യമനുസരിച്ച് മാറിതാമസിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ എമെർജൻസി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽ്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടികണ്ട്‌കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം കഴിയുന്നതും ഒഴിവാക്കണമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *