വിഭാഗീയത രൂക്ഷം ; സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ തൽസ്ഥാനത്ത് നിന്ന് നീക്കി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ തിരുവല്ലയിലെ സിപിഎമ്മിൽ നേരിട്ട് ഇടപെട്ട് സംസ്ഥാന നേതൃത്വം സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ നീക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഫ്രാൻസിസ് വി. ആന്റണിക്കെതിരേ ഉയർന്ന നിരവധി പരാതികളേ തുടർന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആർ. പ്രസാദ്, ആർ. അജയകുമാർ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലയളവു മുതലുള്ള പരാതികളാണ് ഉണ്ടായിരുന്നത്. പാർട്ടി സ്ഥാനാർഥിക്കു വോട്ട് മറിച്ചു നൽകാൻ നിർദേശിച്ചതടക്കമുള്ള പരാതികൾ കമ്മിഷൻ മുൻപാകെ എത്തിയിരുന്നു. തിരുവല്ലയിലെ വിവിധ വിഷയങ്ങളിൽ ഏരിയാ സെക്രട്ടറിയുടെ നിലപാടുകൾ പാർട്ടിക്ക് അവമതിപ്പുളവാക്കിയെന്ന ആക്ഷേപവും ഉയർന്നു.
ചുമത്രയിലെ സജിമോനെതിരായ പീഡന പരാതിയിൽ അയാൾക്ക് അനുകൂലമായ നിലപാട് ഫ്രാൻസിസും സംഘവും സ്വീകരിച്ചിരുന്നു. ഫ്രാൻസിസും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാറുമായി നേർക്കു നേർ യുദ്ധം നടന്നിരുന്നു. ഇരുവരും പരസ്പരം പണി കൊടുക്കുന്നതിന്റെ ഭാഗമായി വാർത്ത ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. ഫ്രാൻസിസിന്റെ ഭാര്യ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത് വിവാദമായപ്പോൾ സനൽ നിലംനികത്തുന്നുവെന്ന ആക്ഷേപം ഉയർത്തിയാണ് പക വീട്ടിയത്. ഇരുവരും തമ്മിലുള്ള തർക്കമാണ് സജിമോന്റെ പീഡന വിഷയവും വിവാദമാക്കിയത്.

2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടപ്ര പഞ്ചായത്ത് എട്ടാം വാർഡായ പരുമലയിലെ പാർട്ടി സ്ഥാനാർഥി മോളിക്കുട്ടിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തതായാണ് ആരോപണം. സി.പി.എം. ശക്തി കേന്ദ്രത്തിൽ മോളിക്കുട്ടി 350 വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു. സ്ഥാനാർഥിക്കെതിരെ ഏരിയാ സെക്രട്ടറി പാർട്ടി പ്രവർത്തകയോട് ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയടക്കം മേൽഘടകത്തിന് പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ അന്വേഷണ കമ്മിഷനേയും നിയോഗിച്ചിരുന്നു. പരുമല ഉഴത്തിൽ ബ്രഞ്ച് അംഗമാണ് മോളിക്കുട്ടി. ഇവരെ അടക്കം ചില അംഗങ്ങളെ ഒരു മാസം മുമ്പ് ബ്രാഞ്ചിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെയാണ് പഴയ വിഷയം വീണ്ടും ചൂടുപിടിച്ചത്. ജില്ലാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ബുധനാഴ്ച നടപടി ഉണ്ടായിരിക്കുന്നത്. ജില്ലാക്കമ്മിറ്റി അംഗം സതീഷ്‌കുമാറിനാണ് ഏരിയാ സെക്രട്ടറിയുടെ ചുമതലയെന്ന് അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *