പത്തനംതിട്ട: സൈബർ തട്ടിപ്പുകാരുടെ ഭീഷണിയിൽ വീണ് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തട്ടിപ്പുകാർ സിബിഐയും സൈബർ പോലീസും ചമഞ്ഞ് വീഡിയോ കാൾ വിളിച്ചപ്പോൾ മെത്രാപ്പോലീത്ത തന്റെയും സുഹൃത്തിന്റെയും അക്കൗണ്ടിൽ നിന്നായി അവർക്ക് ഇട്ടു കൊടുത്തത് 15,01,186 രൂപ. രണ്ടു ദിവസത്തിന് ശേഷം തട്ടിപ്പു മനസിലാക്കിയപ്പോൾ നൽകിയ പരാതിയിൽ കീഴ്വായ്പൂർ പോലീസ് പരാതി നൽകിയെങ്കിലും നഷ്ടമായ പണം തിരിച്ചു കിട്ടുന്ന കാര്യം സംശയത്തിൽ.
ഓഗസ്റ്റ് രണ്ടിനാണ് സൈബർ തട്ടിപ്പുകാർ മാർ കൂറിലോസിനെ വീഡിയോ കാൾ വഴി സമീപിക്കുന്നത്. സിബിഐ, സൈബർ പോലീസ് എന്നിങ്ങനെ രണ്ടു പേരാണ് വീഡിയോ കാൾ വിളിച്ചത്. 8937011759, 8958268313 എന്നീ നമ്പരുകളിൽ നിന്നാണ്് കാൾ വന്നത്. താങ്കൾക്ക് മുംബൈയിൽ കാനറാ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതു വഴി വ്യാജരേഖ നിർമിച്ച കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഒരാൾ പറഞ്ഞത്. മറ്റൊരാൾ പറഞ്ഞത് താങ്കളുടെ സിം കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ സംഗതികൾ മറ്റുള്ളവർക്ക് അയച്ചു നൽകിയെന്നുമാണ്. താങ്കൾ വിർച്വൽ അറസ്റ്റിലാണെന്നു കൂടി പറഞ്ഞതോടെ തിരുമേനി ഭയന്നു.
തുടർന്ന് കേസിൽ നിന്നൊഴിവാകാൻ പണം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ മൂന്നിന് മല്ലപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് ഡൽഹിയിലുള്ള യസ് ബാങ്ക് അക്കൗണ്ടിലേക്ക് 13,31186 രൂപ അയച്ചു കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സുഹൃത്തിന്റെ മാവേലിക്കര ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ജയ്പൂർ ഐ.ഓ.ബി അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപയും അയച്ചു കൊടുക്കുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കിയ മാർ കൂറിലോസ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരേ ജില്ലാ പോലീസ് മേധാവി പത്രസമ്മേളനം വിളിച്ച് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. എല്ലാ മാധ്യമങ്ങളും ഈ വാർത്ത നന്നായി നൽകിയിരുന്നു. അതിന് ശേഷം നടന്ന തട്ടിപ്പിൽ വലിയ സംഖ്യ, അതും ഒരു പുരോഹിതന്റേത് നഷ്ടമായി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. തട്ടിപ്പുകാർ പറഞ്ഞത് മുഴുവൻ മുഖവിലയ്ക്ക് എടുത്താണ് മെത്രാപ്പോലീത്ത പണം നൽകിയിട്ടുള്ളത്.


