ബൈക്കുകൾ പൊളിച്ചടുക്കി ആക്രിക്കടകളിൽ വിൽക്കുന്ന കുപ്രസിദ്ധ ബൈക്ക് മോഷണ സംഘം കോയിപ്പുറം, കീഴ്‌വായ്പ്പൂർ സംയുക്ത പോലീസിന്റെ പിടിയിലായി. !!

Crime
Print Friendly, PDF & Email

പത്തനംതിട്ട – കോട്ടയം ജില്ലയിൽ അടക്കം നിരവധി ബൈക്കുകൾ മോഷ്ടിച്ച നാലംഗ കുപ്രസിദ്ധ സംഘത്തെ കോയിപ്പുറം, കീഴ്‌വായ്പ്പൂർ പോലീസ് സംയുക്തമായി പിടികൂടി. മല്ലപ്പള്ളി സ്വദേശികളായ മനോജ് (23), വിജയ് (27) എന്നിവരെ കോയിപ്പുറം പോലീസും, പുറമറ്റം സ്വദേശി കാശിനാഥൻ (20), പാമ്പാടി സ്വദേശി ദീപു (20) എന്നിവരെ കീഴ്‌വായ്പ്പൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്‌കൂട്ടറുകളിൽ കറങ്ങിനടന്ന് റോഡരികിലും വീടുകളിലും പാർക്ക് ചെയ്തിരിക്കുന്ന വിലകൂടിയ ബൈക്കുകൾ കണ്ടെത്തുകയാണ് ഇവരുടെ ആദ്യ രീതി. തുടർന്ന് ഹാൻഡിൽ ലോക്ക് തകർത്ത് വാഹനം കടത്തിക്കൊണ്ടുപോകും. ഒളിത്താവളത്തിലെത്തിക്കുന്ന വാഹനങ്ങൾ ഉടൻ തന്നെ പൊളിച്ചടുക്കി വിവിധ ആക്രിക്കടകളിലായി വിൽപന നടത്തുകയാണ് പതിവ്. മോഷണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ മാറ്റുന്നതും ഇവരുടെ രീതിയായിരുന്നു.

ഏപ്രിൽ 10-ന് കുറുങ്ങഴ സ്വദേശി വിനീത് വി. നായരുടെ ബൈക്ക് മോഷണം പോയ കേസും, മല്ലപ്പള്ളിയിൽ നിന്ന് ശാന്തിപുരം സ്വദേശി അനന്തുവിന്റെ രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ട കേസും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികൾ വാടകയ്ക്കെടുത്ത വീടുകളിൽ നിന്ന് നിരവധി ബൈക്കുകളുടെ ഭാഗങ്ങളും വാഹനങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോയിപ്പുറം ഇൻസ്പെക്ടർ ഉമേഷ് എം., കീഴ്വായ്പൂർ ഇൻസ്പെക്ടർ അജീബ് ഇ. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. കൂടുതൽ സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടോ എന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *