പോക്‌സോ കോടതികൾ ജാഗ്രത കാട്ടണം : ഹൈക്കോടതി

Crime

കൊച്ചി: ലൈംഗിക പീഡന കേസുകളിൽ പിതാവിനെതിരേ ഇരയുടെ മാതാവ്‌ ആരോപണം ഉന്നയിക്കുമ്ബോൾ പോക്‌സോ കോടതികൾ ജാഗ്രത പാലിക്കണമെന്നു ഹൈക്കോടതി. ലൈംഗിക പീഡന ആരോപണങ്ങൾ പരിഗണിക്കുമ്പോൾ, പ്രത്യേകിച്ച്‌ ദമ്പതികൾ തമ്മിൽ വിവാഹ, കസ്‌റ്റഡി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ജാഗ്രതയോടെ പോക്‌സോ കേസ്‌ കൈകാര്യം ചെയ്യണമെന്നാണ്‌ ഹൈക്കോടതി നിർദേശം.

ഭർത്താവ്‌ മൂന്നു വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ചു ഭാര്യ നൽകിയ കേസാണ്‌ പരാമർശത്തിന്‌ ആധാരം. കുട്ടിയുടെ സംരക്ഷണത്തിനായി ദമ്പതികൾ നിരന്തരമായ ദാമ്പത്യ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഹർജിക്കാരനെതിരേ അമ്മ നൽകിയ പരാതി വ്യാജമാണെന്നും കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാനായിരുന്നു ഇതെന്നും ജസ്‌റ്റീസ്‌ പി.വി.കുഞ്ഞികൃഷ്‌ണൻ കണ്ടെത്തി. വിവാഹ തർക്കങ്ങളുണ്ടാകുമ്പോൾ പിതാവ്‌ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന്‌ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ കുറ്റാരോപിതർക്കും കുട്ടിക്കും മറ്റ്‌ കുടുംബാംഗങ്ങൾക്കും വൈകാരിക ക്ലേശമുണ്ടാക്കുന്നുവെന്ന്‌ കോടതി വ്യക്‌തമാക്കി. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന പരാതിക്കാരനെതിരേ പോക്‌സോ നിയമത്തിലെ സെക്ഷൻ 22 (തെറ്റായ പരാതി അല്ലെങ്കിൽ തെറ്റായ വിവരങ്ങൾക്കുള്ള ശിക്ഷ) പ്രകാരം അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാനും അനേ്വഷണ ഉദ്യോഗസ്‌ഥർക്ക്‌ കോടതി നിർദേശം നൽകി.

എഫ്‌.ഐ.ആറും അന്തിമ റിപ്പോർട്ടും വിശകലനം ചെയ്‌തപ്പോൾ അമ്മയുടെ ആരോപണങ്ങൾ സംശയാസ്‌പദമാണെന്ന്‌ കോടതി നിരീക്ഷിച്ചു. 2015 ഏപ്രിലിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ലൈംഗികാതിക്രമത്തിനിരയായതിന്റെ തെളിവുകൾ കണ്ടെത്തിയതായി അമ്മ അവകാശപ്പെട്ടെങ്കിലും 2015 ജൂലൈ വരെ പരാതി നൽകിയിട്ടില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. പരിശോധിച്ച ഗൈനക്കോളജിസ്‌റ്റിന്റെ പേര്‌ കോടതി സംശയാസ്‌പദമാണെന്ന്‌ കണ്ടെത്തി. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിക്ക്‌ പരുക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലെന്നും കോടതി കണ്ടെത്തി. ഭർത്താവിനെതിരെ പോരാടാൻ അമ്മ മൂന്നു വയസുള്ള കുട്ടിയെ ആയുധമാക്കിയ കേസാണിത്‌. കുട്ടിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ഭർത്താവ്‌ പോലീസിൽ പരാതി നൽകിയശേഷമാണ്‌ അമ്മ ലൈംഗികാതിക്രമം ആരോപിച്ച്‌ പരാതി നൽകിയതെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഇടപഴകുന്നത്‌ സംബന്ധിച്ച്‌ ചൈൽഡ്‌ ലൈൻ അധികൃതർ സമർപ്പിച്ച പഠന റിപ്പോർട്ടും കോടതി പരാമർശിച്ചു. കുട്ടി സന്തോഷവാനാണെന്നും പിതാവിനോടുള്ള അടുപ്പത്തിൽ അമ്മ അസന്തുഷ്‌ടയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.

തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ആവർത്തിച്ച്‌ ട്യൂഷൻ നൽകിയിട്ടും, അമ്മയേക്കാൾ കൂടുതൽ അച്‌ഛനെ സ്‌നേഹിക്കുന്നെന്നാണ്‌ കുട്ടി മജിസ്‌ട്രേറ്റിനോട്‌ പറഞ്ഞത്‌. കേസിന്റെ വസ്‌തുതകൾ കണക്കിലെടുത്ത്‌, ഹർജിക്കാരനെതിരായ നടപടികൾ കോടതി റദ്ദാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *