കലക്ടറേറ്റിൽ നിന്നെന്നു പറഞ്ഞ് ഗ്രാമസേവകനെ മൊബൈലിൽ വിളിച്ചു വിറപ്പിച്ചു ; എന്നിട്ടത് പ്രചരിപ്പിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് .

Kerala Idukki
Print Friendly, PDF & Email

ഇടുക്കി: കലക്ടറേറ്റിൽ നിന്നെന്ന വ്യാജേന ഗ്രാമസേവകനെ വിളിച്ച് കോൾ റെക്കോർഡ് ചെയ്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിൽ ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഫോൺ വിളിയാണ് നാട്ടിൽ പുലിവാലായത്. വി.ഇ.ഒയെ കുറിച്ച് നിരന്തരം പരാതിയാണെന്നും ഓഫീസിൽ കാണാൻ കഴിയില്ലെന്നും കലക്ടറേറ്റിൽ ഇമെയിൽ പരാതി വന്നിട്ടുണ്ടെന്നും തിങ്കളാഴ്ച കലക്ടറേറ്റിൽ എത്തെണമെന്നുമായിരുന്നു ഫോൺ സന്ദേശം. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം വൈസ് പ്രസിഡന്റ് തന്നെ ജീവനക്കാരും അംഗങ്ങളുമുൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ടത്.ഏതാനും മിനിട്ടുകൾക്കുള്ളിൽ ഇത് മറ്റു ഗ്രൂപ്പുകളിലും പ്രചരിച്ചു.

നാട്ടിൽ സംഭവം ചർച്ചയായതാടെ പരാതിയുമായി യുഡിഎഫും രംഗത്തുവന്നു. ആൾമാറാട്ടം നടത്തി ഫോൺ വിളിച്ച് കബളിപ്പിച്ച വൈസ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നല്കാനും അവർ നീക്കം തുടങ്ങി. അതിനിടെ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കോൺഗ്രസ് സമര പരിപാടികളുമായി രംഗത്ത് വരുമെന്നും സൂചനകളുണ്ട്. ഏതാനും നാളുകളായി ഇടത് മുന്നണി ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് വിവാദങ്ങളിൽ ഉഴലുകയാണ്.ഇതിനിടയിലാണ് വൈസ് പ്രസിഡന്റിന്റെ കലക്ടറുടെ പേരിലുള്ള ഫോൺ വിളിയും പുറത്താകുന്നത്.

വാട്‌സാപ്പിൽ പ്രചരിച്ച ശബ്ദ സന്ദേശത്തിന്റെ പൂർണ രൂപം:

വൈസ് പ്രസിഡന്റ് : ‘നിങ്ങൾ പാമ്പാടുംപാറ പഞ്ചായത്തിലെ വി.ഇ.ഒ ആണോ?’

വി.ഇ.ഒ : ‘അതെ..’

വൈസ് പ്രസിഡന്റ് : ‘നിങ്ങളെ കുറിച്ച് നിരന്തരം പരാതിയാണല്ലോ ഓഫീസില്.. നിങ്ങള് ഈ ഓഫീസില്.. വി.ഇ.ഒ .. ഓഫീസിൽ ഇല്ല.. നിങ്ങളെ വന്നാൽ കാണാൻ പറ്റത്തില്ല.. ആളുകൾ അവിടെ വന്ന് നിരന്തരം നിങ്ങളെ വെയ്റ്റ് ചെയ്ത് നിൽക്കുകയാണെന്ന് ഓഫീസിൽ (കലക്ട്രേറ്റിൽ) പരാതിയുണ്ടല്ലോ?’

വി.ഇ.ഒ : ‘ഇല്ലാ.. ഞാൻ അങ്ങനെ നിൽക്കില്ല..ഞാൻ.. ഫുൾടൈം ഓഫീസിൽ ഉണ്ടല്ലോ..’

വൈസ് പ്രസിഡന്റ് : ‘ഇന്നുണ്ടായിരുന്നോ ഓഫീസിൽ.. ഇന്ന് ശനിയാഴ്ചയല്ലേ? വർക്കിങ് ഡേയല്ലേ?’

വി.ഇ.ഒ: ഇന്ന് ലീവ് വച്ചിട്ടായിരുന്നു.. ശനിയാഴ്ച പോകാതിരുന്നത്..

വൈസ് പ്രസിഡന്റ് : ‘നിങ്ങൾ കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ രണ്ടു മൂന്ന് ദിവസം ഓഫീസിൽ ഇല്ലായിരുന്നല്ലോ?’

വി.ഇ.ഒ: ‘ഇല്ല..ഉണ്ടായിരുന്നു.. കഴിഞ്ഞ ആഴ്ച മൊത്തം ദിവസവും പഞ്ചായത്തിലുണ്ടായിരുന്നു..’

വൈസ് പ്രസിഡന്റ് : ‘അങ്ങനെ പരാതി വന്നിട്ടാണ് വിളിക്കുന്നത്..’

ഗ്രാമ സേവകൻ: ‘..അതാര് കൊടുത്തതെന്ന് അറിയില്ല..ഞാൻ എല്ലാ ദിവസവും പഞ്ചായത്തിലുണ്ടായിരുന്നു.’

വൈസ് പ്രസിഡന്റ് : ‘ ഇപ്പോൾ എവിടാ..?

വി.ഇ.ഒ : ഇപ്പോൾ വീട്ടില്..’

വൈസ് പ്രസിഡന്റ് : ‘ഇന്ന് ലീവ് വച്ചിട്ടാണോ പോയത്?’

വി.ഇ.ഒ : ‘ഇന്ന് ലീവ് വച്ചിട്ടാ പോയത്.. ബ്ലോക്കിൽ ലീവ് വച്ചിരുന്നു.’

വൈസ് പ്രസിഡന്റ് : ‘എന്നാൽ പരാതി ശരിയാണോയെന്ന് അന്വേഷിക്കട്ടെ.. ഇങ്ങനെ ഒരു പരാതി വന്നിട്ടുണ്ട്.. ഓഫീസില്..’

വി.ഇ.ഒ: ‘അയ്യോ…ആ..അറിയത്തില്ല.. സാറേ..നമ്മള് സ്ഥിരമായിട്ടുണ്ടായിരുന്നു അവിടെ..’

വൈസ് പ്രസിഡന്റ് : ‘ആ..നോക്കട്ടെ..വിളിക്കാം.’

സംശയം തോന്നി ഗ്രാമ സേവകൻ കലക്ട്രേറ്റിൽ നിന്ന് വിളി വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോൾ:

വി.ഇ.ഒ :’എവിടുന്നാ സാറേ വിളിച്ചത്?’

വൈസ് പ്രസിഡന്റ് : ‘കലക്ട്രേറ്റിൽ നിന്നാണ്..’

വി.ഇ.ഒ: ‘ആര് അയച്ചതാണെന്നറിയില്ല..ഞാൻ ഉണ്ടായിരുന്നു കറക്ടായിട്ടെല്ലാം..’

വൈസ് പ്രസിഡന്റ് : ‘ഇന്ന് പതിനൊന്ന് മണിക്കൊരു മെയിലുവന്നതാണ്.. അവിടുന്ന്..’

വി.ഇ.ഒ : ‘ഇന്നോ.. ഇന്ന് പതിനൊന്നു മണിക്കോ?’

വൈസ് പ്രസിഡന്റ് : ‘അതെ.. അതെ.. അതെ..’

വി.ഇ.ഒ: ‘ങ്ങാ..’

വൈസ് പ്രസിഡന്റ് : ‘നിങ്ങളുടെ ലൈഫുമായി (ലൈഫ് ഭവന പദ്ധതി) ബന്ധപ്പെട്ട് കുറെ അലിഗേഷനും പറയുന്നുണ്ട്..’

വി.ഇ.ഒ :’നമ്മുടെ ലൈഫോ..?’

വൈസ് പ്രസിഡന്റ് :’ങാ..’

വി.ഇ.ഒ:’പാമ്പാടുംപാറേന്നോ?’

വൈസ് പ്രസിഡന്റ് :’നിങ്ങൾ അവിടല്ലെ വർക്ക് ചെയ്യുന്നത്..?’

വി.ഇ.ഒ:’പാമ്പാടുംപാറയാ സാറേ …’

വൈസ് പ്രസിഡന്റ് :’ ങാ..ശരി..’

വി.ഇ.ഒ:’ങാ…’

വൈസ് പ്രസിഡന്റ് :’എന്തായാലും ഓഫീസിൽ വാ.. തിങ്കളാഴ്ച കാണാം… തിങ്കളാഴ്ച എത്തുമോ നിങ്ങള്..’

വി.ഇ.ഒ: ‘ആ.. തിങ്കളാഴ്ച കയറിക്കോളാം സാറേ …’

വൈസ് പ്രസിഡന്റ്:’ ആ.. ശരി … ആട്ടെ..’

വി.ഇ.ഒ:’എവിടാ.. സാറേ .. കലക്ട്രേറ്റിലാണോ.. സാറേ..’

വൈസ് പ്രസിഡന്റ്:’ഇല്ല വിളിച്ചോളാം..’

വി.ഇ.ഒ: ‘ങാ..’

( ഗ്രാമ സേവകന്റെ ഫോൺ കട്ടായതോടെ വീണ്ടും പരിഹാസ ചിരി.)

Leave a Reply

Your email address will not be published. Required fields are marked *