ആറന്മുള വള്ളസദ്യ മാഹാത്മ്യം

Food

ആറന്മുളയിൽ മാത്രമല്ല മലയാള നാടാകെ പ്രസിദ്ധമാണ് ആറന്മുള വള്ളസദ്യ. അഭീഷ്ട സിദ്ധിക്ക് ആറന്മുള പാർത്ഥസാരഥിയുടെ മുന്നിൽ അർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് ആണിത്. മുമ്പ് പമ്പാനദിക്കരയിലെ നിലയ്ക്കലുള്ള നാരായണപുരത്ത് അർജുനന്റെ തേവാരമൂർത്തിയായിരുന്ന മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത്രെ. ഒരുദിവസം ഭ​ഗവാൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണപുരത്ത് നിന്നും ആറ് മുള കെട്ടിയ ചങ്ങാടത്തിൽ പമ്പാനദിയിലൂടെ വന്നു. അങ്ങനെയാണ് ഭ​ഗവാനെത്തി ചേർന്ന കര ആറന്മുളയായത്. ആ യാത്രയുടെ ഓർമ്മക്കായത്രെ വള്ളസദ്യയും വള്ളംകളിയും നടത്തുന്നത് എന്നാണു ഐതീഹ്യം.

പരമ്പരാഗത ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താൻ ഏതെങ്കിലും പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭ​ഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്.

ഓരോ പള്ളിയോട കടവിൽ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവർ കരമാർ​ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയൊക്കെയായിട്ടാണ് വഴിപാടുകാർ സ്വീകരിക്കുന്നത്. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യമില്ല. വഴിപാടുകാരും കരക്കാരുമാണുള്ളത്.

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നു. പള്ളിയോട കരക്കാർ പാട്ടുപാടി ചോദിക്കുന്ന വിഭവങ്ങൾ നൽകണമെന്നാണ് ആചാരം.

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭ​ഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനു​ഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നു. ഇന്നും അഭീഷ്ട സിദ്ധിക്ക് വേണ്ടി അനവധി പേരാണ് വള്ളസദ്യ നടത്തുന്നത്.. അറുപത്തിമൂന്ന് വിഭവങ്ങളടങ്ങിയ സദ്യയാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *