റോഡിലെ സോളാർ ലൈറ്റുകളുടെ ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ചു വിറ്റ കേസിൽ രണ്ടു പേർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: സോളാർ തെരുവു വിളക്കുകളുടെ ബാറ്ററി പകൽ വെളിച്ചത്തിൽ മോഷ്ടിച്ചു വിറ്റ് കിട്ടിയ പണം കൊണ്ട് മദ്യപിച്ച് വരുന്ന വഴി യുവാക്കളെ പോലീസ് കൈയോടെ പൊക്കി. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തിൽ ലിബിൻ കെ. ചാക്കോ(30), വെച്ചൂച്ചിറ കൂത്താട്ടുകുളം കാവുംമുഖത്ത് ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു(35) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോർജവിളക്ക് പ്രവർത്തിപ്പിക്കുന്ന ബാറ്ററികളാണ് പട്ടാപ്പകൽ മോഷ്ടിച്ചത്. കുമ്പിത്തോട് കോളനിയിൽ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന സൗരോർജ വിളക്കിന്റെ ബാറ്ററി ഞായർ പകൽ ഒരു മണിയോടെയാണ് മോഷ്ടിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ. പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കൾ കുടുങ്ങിയത്.

ബാറ്ററി വച്ചിരുന്ന ബോക്‌സ്‌പോസ്റ്റിന്റെ ചുവട്ടിൽ നശിപ്പിച്ച നിലയിൽ ഉപേക്ഷിച്ചിരുന്നു. ആകെ 10,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാറ്ററി മോഷ്ടിച്ച ശേഷം ലിബിന്റെ മോട്ടോർ സൈക്കിളിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഞായർ ഉച്ചയ്ക്ക് 12 മണിയോടെ ആശിഷിനേയും പിന്നിലിരുത്തി ലിബിൻ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു. ആശിഷിന്റെ മടിയിൽ ബാറ്ററി ദൃക്‌സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താൻ പോലീസിനെ സഹായിച്ചതും.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയ പോലീസ് ഇടമൺ ഭാഗത്ത് വച്ച് പ്രതികളെ കണ്ടെത്തി. വാഹന പരിശോധനയിൽ ഏർപ്പെട്ട പോലീസിന് മുന്നിൽ മോഷ്ടാക്കൾ കുടുങ്ങുകയായിരുന്നു. സുഹൃത്തായ ലിബിന്റെ വീട്ടിൽ രാവിലെ പതിനൊന്നരയോടെ ആശിഷ് എത്തി. മോഷണം പ്ലാൻ ചെയ്ത ശേഷം, ഇരുവരും ബൈക്കിൽ കയറി കുമ്പിത്തോട് പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിന്റെ പോസ്റ്റിലെ ബോക്‌സ് പൊളിച്ച് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാക്കൾ റാന്നി ചെത്തോങ്കരയിലെ തമിഴ്‌നാട് സ്വദേശിയുടെ ആക്രി കടയിൽ ബാറ്ററി വിറ്റു കിട്ടിയ 2200 രൂപയുമായി റാന്നിയിൽ എത്തി മദ്യപിച്ച ശേഷം ബാക്കി വന്ന തുക ഇരുവരും വീതിച്ചെടുത്തു. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെളിവെടുപ്പിൽ ബാറ്ററി കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ.സായിസേനൻ, എ.എസ്.ഐ അൻസാരി, എസ്.സി.പി.ഓമാരായ ശ്യാം മോഹൻ, പി.കെ.ലാൽ, സി.പി.ഓ അർജുൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *