വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം ഒളിച്ചിരുന്നു : ഫയർഫോഴ്‌സിനെ വെള്ളത്തിലിറക്കി കൊടുമണിലെ വിരുതൻ

Pathanamthitta

കൊടുമൺ: കുടുംബ കലഹത്തെ തുടർന്ന് ഗൃഹനാഥൻ ഫയർ ഫോഴ്‌സിനെ കിണറ്റിൽ ചാടിച്ചു! അടൂർ ഫയർ ഫോഴ്‌സിനെയാണ് കൊടുമൺ ചിരണിക്കൽ പ്ലാന്തോട്ടത്തിൽ ജോസ് (41) എൺപതടി താഴ്ചയുള്ള കിണറ്റിൽ ചാടിച്ചത്. ഇയാൾ കിണറ്റിൽ ചാടിയെന്ന സംശയത്തെത്തുടർന്ന് രാത്രി മൂന്നു മണിക്കൂറോളം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും വട്ടം കറങ്ങി. ഒടുവിൽ ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന യുവാവിനെ രാവിലെ കണ്ടെത്തി. ജോസ് കിണറ്റിൽ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടർന്നാണ് ഞായറാഴ്ച രാത്രി അടൂരിൽ നിന്നുംഅഗ്‌നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്.

80 അടിയോളം താഴ്ചയുള്ള കിണറ്റിൽ പാതാള കരണ്ടി ഉപയോഗിച്ചും, നാട്ടുകാരായ രണ്ടുപേരോടൊപ്പം മുങ്ങിയും പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. മൂന്നു മണിക്കൂറോളം തിരച്ചിൽ നടത്തി അവർ തിരികെ പോയി. 11 മണിയോടെ വീട്ടിൽ നിന്നും ജോസ് പുറത്തിറങ്ങുകയും തുടർന്ന് കിണറ്റിൽ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാർ പറഞ്ഞത് ‘രാത്രി 10 മണിയോടെ വീട്ടിൽ വഴക്ക് നടന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്നാണ് ആളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ സമീപത്ത് വീണ്ടും തെരഞ്ഞപ്പോൾ തൊട്ടടുത്ത ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിന് പുറത്തിറങ്ങിയപ്പോൾ കിണറ്റിൽ ചാടിയെന്ന് ധരിപ്പിക്കാൻ വലിയ കല്ല് കിണറ്റിൽ ഇട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.

അടൂർ സ്‌റ്റേഷനിൽ നിന്നും സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ഷിബു ,ശ്രീജിത്ത്, സുജിത്ത്,ദീപേഷ്,റെജി,വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *