തിരുവല്ല – രാജ്യവ്യാപകമായി ഇടതു വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെ ഭാഷാപഠന കേന്ദ്രത്തിന്റെ ചുമതലക്കാരനായ കത്തോലിക്ക വൈദികനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് പരാതി. തിരുവല്ല കച്ചേരിപ്പടി സെന്റ് ജോൺസ് കോളജിന് സമീപം പ്രവർത്തിക്കുന്ന ജർമൻ ഭാഷ പഠനകേന്ദ്രമായ കാർഡിയാട്ടിന്റെ ചുമതലക്കാരൻ ഫാ. ജേക്കബിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ എസ്എഫ്‌ഐ പ്രവർത്തകർ കൈയേറ്റം ചെയ്തത്.
തിരുവല്ല മേരിഗിരി അരമനയുടെ കീഴിലുള്ളതാണ് ഭാഷാപഠന കേന്ദ്രം. ഇവിടെ മുടക്കമില്ലാതെ ക്ലാസ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് സമരക്കാരായ എസ്എഫ്‌ഐ പ്രവർത്തകർ എത്തിയത്. ക്ലാസ് വിടണമെന്ന് ചുമതലയുള്ള ഫാ. ജേക്കബിനോട് പ്രവർത്തകർ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഇന്റർവെൽ ആകുമെന്നും അപ്പോൾ കുട്ടികളെ വിട്ടേക്കാമെന്നും അച്ചൻ അറിയിച്ചു. എന്നാൽ, പ്രകോപിതരായ എസ്എഫ്‌ഐക്കാർ ഇദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.


