കങ്കാരുക്കളെ എറിഞ്ഞൊതുക്കി ലോകകപ്പിൽ അഫ്‌ഗാന്റെ അട്ടിമറി : സൂപ്പർ എട്ടിൽ ആദ്യ വിജയം :

Sports
Print Friendly, PDF & Email

കിങ്സ്റ്റൺ: ടി 20 ലോകകപ്പിൽ അട്ടിമറി തുടർന്ന് അഫ്ഗാൻ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരു പോലെ മികച്ചു നിന്ന അഫ്ഗാൻ നിര ശക്തരായ ഓസ്‌ട്രേലിയയെ 21 റൺസിനാണ് കെട്ടുകെട്ടിച്ചത്. പ്രാഥമിക റൗണ്ടിൽ ന്യൂസിലാൻഡിനെ വെറും 75 റൺസിൽ എറിഞ്ഞൊതുക്കി നേടിയ തകർപ്പൻ വിജയത്തിന്റെ തനിയാവർത്തനമാണ് ഗ്രൂപ്പ് ഒന്നിൽ ഇന്ന് പുലർച്ചെ കണ്ടത്.

20 ഓവറിൽ 149 എന്ന താരതമ്യേനെ എളുപ്പമുള്ള സ്‌കോർ ചേസ് ചെയ്യാനിറങ്ങിയ ഓസീസ് 19.2 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. 41 പന്തിൽ ആറു ഫോറും മൂന്നു സിക്‌സറുമായി മാക്‌സ്‌വെൽ ഏകദിന ലോകകപ്പിലെ പ്രകടനം ആവർത്തിച്ചു. അന്ന് അഫ്ഗാനോട് തോൽവിയുടെ വക്കിൽ നിന്ന ഓസീസിനെ ഒറ്റക്കാലിൽ നിന്ന് ബാറ്റ് ചെയ്ത ഡബിൾ സെഞ്ച്വറി നേടിയ മാക്‌സ്‌വെൽ ഒറ്റയ്ക്ക് വിജയിപ്പിക്കുകയായിരുന്നു. ഇന്നും അതേ പ്രകടനമാണ് നടത്തിയത്. ഒരറ്റത്ത് വിക്കറ്റ് പൊഴിയുമ്പോഴും മാക്‌സ്‌വെൽ കൂസാതെ അടിച്ചു തകർത്തു. ഒടുവിൽ ഗുൽബദിൻ നായിബിന്റെ പന്തിൽ നൂർ അഹമ്മദ് പോയിന്റിൽ എടുത്ത അവിശ്വസനീയ ക്യാച്ചിൽ മാക്‌സ്‌വെൽ കൂടാരം കയറി. 12 റൺസെടുത്ത മിച്ചൽ മാർഷാണ് പിന്നെയുള്ള ടോപ്പ് സ്‌കോറർ. അഫഗാന് വേണ്ടി നവീൻ 20 റൺസിന് മൂന്നും ഗുൽബാദിൻ 20 റൺസിന് നാലും വിക്കറ്റെടുത്തു.

നേരത്തേ് വിക്കറ്റ് നഷ്ടം കൂടാതെ 14 ഓവറിൽ 118 എന്ന സ്‌കോറിൽ നിന്നാണ് അഫ്ഗാൻ ബാറ്റിങ് നിര 148 ലേക്ക് തകർന്ന് വീണത്. പാറ്റ്കുമ്മിൻസ് ഹാട്രിക് നേടി. തുടർച്ചയായ പന്തുകളിൽ നാലുവിക്കറ്റ് കുമ്മിൻസിന് ലഭിക്കേണ്ടതായിരുന്നു. നിസാര ക്യാച്ച് ഡേവിഡ് വാർണർ കൈവിട്ടതു കാരണം നടന്നില്ല. 28 റൺസിനാണ് കുമ്മിൻസ് 3 വിക്കറ്റ് എടുത്തത്. കരിം ജനത്ത്, റാഷിദ്ഖാൻ, ഗുൽബാദിൻ നായിബ് എന്നിവരെയാണ് അടുത്തടുത്ത പന്തുകളിൽ കുമ്മിൻസ് പുറത്താക്കിയത്. തന്റെ മൂന്നാം ഓവറിന്റെ അവസാന പന്തിലും നാലാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും കുമ്മിൻസ് വിക്കറ്റ് എടുത്തു. മൂന്നാം പന്തിൽ ഖറോട്ട് ഉയർത്തിയടിച്ചത് വാർണർ നിലത്തിട്ടു. മോശം ഫീൽഡിങാണ് ഓീസിന് വിനയായത്. ആഷ്ടൻ ആഗർ മൂന്നു ബൗണ്ടറികൾ വിട്ടു. ഒരു ക്യാച്ചും നിലത്തിട്ടു.

അഫ്ഗാന് വേണ്ടി ഗുർബാസ് 49 പന്തിൽ നാലു വീതം സിക്‌സും ഫോറുമടിച്ച് 60 റൺസ് നേടി. സഹഓപ്പണർ ഇബ്രാഹിം സർദൻ 48 പന്തിൽ ആറു ബൗണ്ടറികളോടെ 51 റൺസ് എടുത്തു. തുടർന്ന് വന്ന ബാറ്റർമാർക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസ് അഫ്ഗാൻ നേടിയത്. ഫീൽഡിൽ ഓസീസ് കൈവിട്ട ക്യാച്ചുകളും റണ്ണുകളുമാണ് അവരുടെ പരാജയത്തിന് അടിത്തറയിട്ടത്. ഗുൽബാദിനാണ് പ്ലയർ ഓഫ് ദ മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *