അബൂദാബി: മാധ്യമ മേഖലയിൽ ഒമ്പത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചന്ദ്രിക ദിനപത്രത്തിന്റെ ഗൾഫ് എഡിഷൻ സമ്പൂർണ ഡിജിറ്റൽ രൂപത്തിൽ ജൂൺ ഒന്നുമുതൽ വായനക്കാരിലെത്തും. ഗൾഫ് ചന്ദ്രിക പ്രചാരണ കാമ്പയിൻ അബൂദാബിയിൽ യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ട ഒരു സമൂഹത്തെ അക്ഷര വിപ്ലവത്തിലൂടെ കൈപ്പിടിച്ചുയർത്തിയ ചന്ദ്രികയുടെ സേവനം നിസ്തുലമാണെന്നും സമൂഹിക നവോത്ഥാനത്തിലും സാംസ്‌കാരിക നഭസ്സിലും സാഹിത്യ മേഖലയിലും ചന്ദ്രികയുടെ സംഭാവനകൾ തുല്യതയില്ലാത്തതാണെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ചന്ദ്രിക ഗൾഫിൽ നിന്നും തുടക്കം കുറിക്കുന്നത് പ്രതീക്ഷയുടെ പുതിയ ചക്രവാളത്തിലേക്കാണ്. ഇത് പ്രവാസി സമൂഹത്തിന് ഏറെ പ്രത്യാശ നൽകുന്നതാണെന്നും പുത്തൂർ കൂട്ടിച്ചേർത്തു.
അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അബൂദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.എച്ച് യൂസുഫ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല, ഖാദർ ഒളവട്ടൂർ,ഗൾഫ് ചന്ദ്രിക എഡിറ്റർ എൻ.എ.എം ജാഫർ പ്രസംഗിച്ചു. അബൂദാബി കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
നാളെ (ഞായർ) ഷാർജയിലും, 25ന് അജ്മാനിലും വരും ദിവസങ്ങളിലും മറ്റു എമിറേറ്റുകളിലും പ്രചാരണ കൺവൻഷനുകൾ നടക്കും. ചന്ദ്രിക ദിനപത്രം ഇ പേപ്പറിലും സോഷ്യൽ മീഡിയയിലെ മുഴുവൻ പ്ലാറ്റ് ഫോമുകളിലായി ന്യൂസ് ബുള്ളറ്റിനുകളും റീലുകളും ഇനി മൊബൈലിലൂടെ വായനക്കാരിലെത്തും.
What do you feel about this post?
Like
Love
Happy
Haha
Sad

