കൊച്ചി – കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ മകനെ തൃപ്പൂണിത്തുറ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നുരുന്നി കൂട്ടക്കല്ലിൽ വീട്ടിൽ അജിത്ത് ആണ് അറസ്‌റ്റിലായത്. കഴിഞ്ഞയാഴ്‌ച എരൂർ ലേബർ ജംഗ്‌ഷന് സമീപത്തെ വാടകവീട്ടിലാണ് 70 വയസുള്ള കിടപ്പുരോഗിയായ പിതാവായ ഷൺമുഖനെ ഉപേക്ഷിച്ച് വാടകവീടും ഒഴിഞ്ഞ് ആരോടും പറയാതെ അജിത് കർണാടകയിലേക്ക് കടന്നത്.
വാടകവീട്ടിൽ അവശനിലയിൽ കിടന്ന ഷൺമുഖനെ നാട്ടുകാരും നഗരസഭ വൈസ് ചെയർമാനും ചേർന്ന് പാലിയേറ്റിവ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പോലീസ് അജിത്തിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടൂറിസ്‌റ്റ് ബസ് ഡ്രൈവറായ താൻ കർണാടകയിലേക്ക് ഓട്ടം വന്നിരിക്കുകയാണെന്നാണ് പറഞ്ഞത്. ഇന്നലെ എറണാകുളത്തെത്തിയ അജിത്തിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഷണ്മുഖനെ ആശുപത്രിയിൽനിന്നും അദ്ദേഹത്തിന്റെ സഹോദരൻ കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവശരായ മാതാപിതാക്കളെ ഉപേക്ഷിച്ചതിനും നരഹത്യാ ശ്രമത്തിനുമാണ് അജിത്തിനെതിരേ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുള്ളത്.
What do you feel about this post?
Like
Love
Happy
Haha
Sad

