രാജസ്ഥാൻ റോയൽസിന് നാലാം മത്സരത്തിലും പരാജയം ; സഞ്ജുവിന് പിഴക്കുന്നുവോ ?

Sports
Print Friendly, PDF & Email

ഗുവാഹത്തി – ഇപ്പോൾ നടന്നുവരുന്ന ഐ.പി.എൽ. ക്രിക്കറ്റ്‌ ടൂർണമെന്റിൽ തുടർച്ചയായി നാലാം മത്സരത്തിലും രാജസ്‌ഥാൻ റോയൽസിന് തോൽവി ‌. പ്ലേ ഓഫ്‌ ഉറപ്പിച്ച സഞ്‌ജു സാംസണെയും സംഘത്തെയും ഇന്നലെ പഞ്ചാബ്‌ കിങ്‌സ് അഞ്ചുവിക്കറ്റിനു മുട്ടുകുത്തിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത് രാജസ്‌ഥാൻ നേടിയ ഒൻപതു വിക്കറ്റിന്‌ 144 റൺ പഞ്ചാബ്‌ ഏഴു പന്ത്‌ ബാക്കിനിൽക്കെ മറികടന്നു.

ഓൾറൗണ്ട്‌ പ്രകടനം കാഴ്‌ചവച്ച നായകൻ സാം കറണിന്റെ മികവ്‌ പഞ്ചാബിനു തുണയായി. മത്സരത്തിലൊട്ടാകെ രണ്ടു വിക്കറ്റും 41 പന്തിൽ മൂന്നു സിക്‌സും അഞ്ചുഫോറും അടക്കം പുറത്താകാതെ 63 റണ്ണുമാണു കറണിന്റെ സംഭാവന. അശുതോഷ്‌ ശർമ (11 പന്തിൽ 17) യാണു വിജയറണ്ണടിക്കുമ്പോൾ കറണിനു കൂട്ടായി ക്രീസിലുണ്ടായിരുന്നത്‌. പഞ്ചാബ്‌ നിരയിൽ റിലി റൂസോ (22), പ്രഭ്‌സിമ്രൻ സിങ്‌ (ആറ്‌), ജോണി ബെയർസ്‌റ്റോ (14), ശശാങ്ക്‌ സിങ്‌ (പൂജ്യം), ജിതേഷ്‌ ശർമ (22) എന്നിവർ പുറത്തായി.

നാട്ടിലേക്കു മടങ്ങിയ ജോസ്‌ ബട്‌ലർക്കു പകരം ടോം കോഹ്ലർ കാഡ്‌മോറിനെയാണ്‌ നേരത്തെ രാജസ്‌ഥാൻ ഓപ്പണിങ്‌ സ്‌ഥാനത്തിറക്കിയത്‌. എതിർക്യാപ്‌്റ്റൻ സാം കറണിനെ ഫോറടിച്ചു തുടങ്ങിയെങ്കിലും ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഒരിക്കൽക്കൂടി നിറംമങ്ങി. നാലാം പന്തിൽ ജയ്‌സ്വാളിന്റെ കുറ്റി കറൺ പിഴുതു. നഥാൻ എല്ലിസിന്റെ ഏഴാം ഓവറിലെ നാലാം പന്തിൽ മൂന്നാമനായെത്തിയ സഞ്‌ജു(18)വിനെ പോയിന്റിൽ രാഹുൽ ചാഹർ പിടികൂടി. ഇതിനിടയിൽ സീസണിൽ അഞ്ഞൂറു റൺ കടക്കാനും സഞ്‌ജുവിനായി.

ടീം സ്‌കോർ 40-ൽനിന്നു രണ്ടു റൺകൂടി കൂട്ടിച്ചേർക്കുന്നതിനിടെ കാഡ്‌മോറി (23 പന്തിൽ 18) നെ ചാഹറിന്റെ പന്തിൽ ജിതേഷ്‌ ശർമ പുറത്താക്കി. ടോപ്‌ സ്‌കോററായ റിയാൻ പരാഗും (34 പന്തിൽ ആറു ഫോറടക്കം 48) രവിചന്ദ്രൻ അശ്വിനും (19 പന്തിൽ 28) ചേർന്ന്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. എന്നാൽ, 13-ാം ഓവറിൽ ടീം സ്‌കോർ 92-ൽ എത്തിയപ്പോൾ അശ്വിൻ വീണു. തുടരെ വിക്കറ്റുകൾ വീഴ്‌ത്തി പഞ്ചാബ്‌ മത്സരത്തിലേക്കു തിരികെയെത്തി. ധ്രുവ്‌ ജുറെൽ (പൂജ്യം), ഡൊണോവൻ ഫെരേര (ഏഴ്‌), ട്രെന്റ്‌ ബോൾട്ട്‌ (12) എന്നിവരും രാജസ്‌ഥാൻ നിരയിൽ പുറത്തായി. ആവേശ്‌ ഖാൻ (മൂന്ന്‌) പുറത്താകാതെനിന്നു.

Leave a Reply

Your email address will not be published. Required fields are marked *