അരുൺ ബാബു ബംഗളൂരുവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം : മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം ചെയ്തു

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍: ആനന്ദപ്പള്ളി സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. ആനന്ദപ്പള്ളി സ്വദേശി ബാബു-മഞ്ജു ദമ്പതികളുടെ മകന്‍ അരുണ്‍ ബാബുവി(ആസാദ് -28)ന്റെ മൃതദേഹമാണ് കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ബംഗളൂരു ഹസലുരുവിലെ താമസസ്ഥലത്താണ് അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതനാണെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം.

ബംഗളുരൂ സ്വദേശിനിയാണ് അരുണിന്റെ ഭാര്യ. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടെന്നും ദുരൂഹത നീക്കാന്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ജില്ലാ പോലീസ് മേധാവിക്ക് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ബാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കൊടുമണ്‍ പോലീസും കേസെടുത്തിട്ടുണ്ട്. റീപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ദുരൂഹത നീങ്ങുമെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *