പന്തളം – കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. പന്തളം നഗരസഭ 33-ാം വാര്‍ഡില്‍ മുടിയൂര്‍ക്കോണം ദീപത്തറ കുഞ്ഞുമോന്റെ പോത്താണ് ഒന്നാം വാര്‍ഡില്‍ മുടിയൂര്‍ക്കോണം വെള്ളാപ്പള്ളില്‍ മുരളീധരന്റെ ആള്‍മറ ഇല്ലാത്തതും മാലിന്യം നിറഞ്ഞതുമായ കിണറ്റില്‍ വീണത്. മുരളീധരന്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്.
കിണറിന് ഏകദേശം 20 അടിയോളം താഴ്ചയും ആറടിയോളം വെള്ളവും ഉണ്ട്. കിണറ്റില്‍ വീണു കിടന്ന പോത്തിനെ സേനാംഗങ്ങള്‍ ഉടന്‍ തന്നെ നെറ്റും റോപ്പും ലാഡറും ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്ക് കയറ്റി ഉടമയെ ഏല്‍പ്പിച്ചു. അത്യന്തം അപകടകരമായ അവസ്ഥയില്‍ പുല്ലും കാടും മൂടിയ കിണര്‍ ആരുടെയും കാഴ്ചയില്‍ പെടാതിരുന്നതാണ് പോത്ത് വീഴാന്‍ കാരണമായത്. ഇനിയും അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കിണര്‍ മൂടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സാനിഷ്, അനീഷ് ഐആര്‍, ഹരിലാല്‍, സന്തോഷ് ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് അജയകുമാര്‍, ഫയര്‍ & റെസ്‌ക്യൂ ഡ്രൈവർ രാജീവ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
ഇവിടെ ഇങ്ങനെ ഒരു കിണര്‍ ഉള്ളത് ആരും ശ്രദ്ധിക്കില്ല. അറിയാവുന്നവര്‍ മാലിന്യ കുഴിയായി ഇത് ഉപയോഗിച്ചു വരികയായിരുന്നു. അങ്ങനെ ഉപയോഗിക്കുന്നതിലൂടെ പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനും കാരണമായേക്കാം.


