ഞാനിപ്പം ചാടും ; വിമാനത്തിൽനിന്ന് കടലിൽ ചാടുമെന്ന് ഭീഷണി മുഴക്കിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Kerala Kannur World
Print Friendly, PDF & Email

മംഗലാപുരം – വിമാനയാത്രക്കിടെ കടലിലേക്ക് ചാടുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കണ്ണൂരുകാരനായ മലയാളി യാത്രക്കാരനെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോർട്ടുചെയ്യുന്നു. പറക്കുന്ന വിമാനത്തിൽനിന്ന് ഞാനിപ്പം ചാടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും ഒക്കെ പരിഭ്രാന്തരായി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – മംഗലാപുരം വിമാനത്തിൽ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടർന്നു വിമാനം മംഗലാപുരത്തെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു .

വിമാനത്തിൽനിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുൾപ്പെടെ ഇയാളുടെ പ്രവൃത്തികൾ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഡൽഹിയിൽനിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂർ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാൾ ജീവനക്കാരോട് തിരക്കി. എന്നാൽ ആ പേരിലുള്ള വ്യക്തി യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല. വിമാന ജീവനക്കാർ സമീപത്തുണ്ടായിരുന്നിട്ടും സഹായത്തിനായി ഇയാൾ ബെൽ അമർത്തിക്കൊണ്ടിരുന്നു. പിന്നാലെ ഒരു ലൈഫ് ജാക്കറ്റ് കയ്യിലെടുത്ത് ഒരു ക്രൂ അംഗത്തിന് നൽകി വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യ ചോദ്യങ്ങളുന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിലേക്ക് ചാടാനാഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു – പോലീസ് പറഞ്ഞു.

വിമാനം മംഗലാപുരത്ത് എത്തിയ ഉടനേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം ഇയാളെ പോലീസിന് കൈമാറി. ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു,

Leave a Reply

Your email address will not be published. Required fields are marked *