ചൈന പിടിച്ചെടുത്ത ഭൂമി തിരിച്ചു പിടിക്കും ; സൗജന്യ വൈദ്യുതി ; അഗ്നിവീർ നിർത്തലാക്കും ; കെജ്‌രിവാളിന്റെ പ്രഖ്യാപനങ്ങളിൽ പ്രതികരിക്കാതെ ഇന്ത്യാ സഖ്യം

India Politics
Print Friendly, PDF & Email

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം വിജയിക്കുകയാണെങ്കില്‍ നടപ്പാക്കാന്‍ പോകുന്ന 10 പദ്ധതികള്‍ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനുമൊന്നിച്ചു വാര്‍ത്താസമ്മേളനം നടത്തിയാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യാ സെക്ഗയം ഇതിൽ പ്രതികരിച്ചിട്ടില്ല.

10 ഉറപ്പുകള്‍ പ്രഖ്യാപിക്കാന്‍ വൈകിയത് ഡല്‍ഹി മുഖ്യമന്ത്രി ജയിലായത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഉറപ്പുകള്‍ ഇന്ത്യ സഖ്യ നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ അവര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ചൈന പിടിച്ചെടുത്തു എന്നവകാശപ്പെടുന്ന ഭൂമി അടക്കം തിരിച്ചു പിടിക്കുമെന്നു രാജ്യ സ്നേഹം വളർത്താൻ ഉദ്ദേശിച്ചു നടത്തിയ പ്രഖ്യാപനത്തിനോട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടക്കമുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം !!

എ.എ.പിയുടെ ആദ്യ ഗ്യാരണ്ടി 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി ഉറപ്പാക്കുകയെന്നതാണ്. മൂന്ന് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പക്ഷെ രണ്ട് ലക്ഷം മെഗാവാട്ട് മാത്രമാണ് രാജ്യത്തിന് ആവശ്യം. ആവശ്യത്തില്‍ അധികം വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പഞ്ചാബിലും ഡല്‍ഹിയിലും ഇത് പരീക്ഷിച്ചതാണ്. രാജ്യത്താകമാനം അങ്ങനെ ചെയ്യാനാവുമെന്ന് ഉറപ്പുണ്ട്. 200 യൂണിറ്റ് വൈദ്യുതി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും . ഇതിന് 1.25 ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രണ്ടാമത്തെ ഗ്യാരണ്ടി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച വിദ്യാഭ്യാസം നല്‍കാനാവും. ഡല്‍ഹിയും പഞ്ചാബിലും ഇത് നടപ്പിലാക്കിയതാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേയും ഇങ്ങനെ മികച്ച നിലവാരത്തിലാക്കുകയെന്നതും പ്രധാന ഉറപ്പുകളിലൊന്നാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ചൈനീസ് നിയന്ത്രണത്തില്‍ നിന്നും രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുമെന്നും അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച എം.എസ്.പി നടപ്പിലാക്കുമെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെപ്പോലെ തോന്നിക്കുമാറ് രാജ്യം ശ്രദ്ധിക്കുന്നപോലെ മുന്നിലേക്കൊരു ഗോളടിച്ചതാണ് കെജ്‌രിവാൾ എന്നഭിപ്രായമുള്ളവരും ഇല്ലാതില്ല. ഇന്ത്യാ സഖ്യം വിജയിച്ചാൽ കെജ്‌രിവാളിനെ പ്രധാനമന്ത്രിയാക്കണം എന്ന് സമൂഹമാധ്യമങ്ങളിൽ ഇടത് പ്രൊഫൈലുകളിൽ എങ്കിലും ആവിശ്യം ഉയരുന്നുണ്ട്. ഇതിനോടൊക്കെ മമത അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം .

Leave a Reply

Your email address will not be published. Required fields are marked *