സഹകരണ ബാങ്കിലിട്ട പണം കിട്ടാതെ വന്നപ്പോൾ മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയിൽ ഗൃഹനാഥൻ ജീവനൊടുക്കി !!

Kerala Lifestyle Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – തന്റെ ജീവിത സമ്പാദ്യം നിക്ഷേപിച്ചിരുന്ന സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിനായി തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസാണ് (55) ആത്മഹത്യ ചെയ്തത്. വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് തിരികെ ചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നൽകാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്. ഇതിൽ മനംനൊന്ത തോമസ് ഏപ്രിൽ 19-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതിൽ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നിക്ഷേപം തിരികെ നൽകാനാവില്ലെന്ന് ബാങ്ക് അറിയിച്ചതാണ് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹം മുടങ്ങുമോ എന്നതടക്കമുള്ള ആശങ്കകൾ തോമസിനെ അലട്ടിയിരുന്നു. കേരളത്തിലെ നിരവധി മനുഷ്യരാണ് തങ്ങളുടെ ജീവിത സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപം തിരികെ കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ട ഭരണകൂടവും, രാഷ്ട്രീയക്കാരുമാണ് കൈ മലർത്തുന്നത് എന്നതാണ് ദുഖകരമായ സത്യം !!

(പൊതുജനങ്ങൾക്കായുള്ള ഉപദേശം ; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിഷമകരമായ അവസ്ഥയിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *