ചിറ്റാർ: സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾക്കിടെ ക്രിസ്മസ് പാപ്പായെ പോലീസുകാർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി ചിറ്റാറിൽ നടന്ന ഐക്യ ക്രിസ്മസ് ആഘോഷങ്ങൾക്കിടയാണ് സംഭവം. ഓർത്തഡോക്‌സ് വലിയപള്ളിയുടെ ഫ്‌ളോട്ടിൽ ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ അഭിഷേകി (21) നാണ് മർദ്ദനമേറ്റത്.
ചിറ്റാർ പോലീസ് നിശ്ചല ദൃശ്യം വഹിച്ചുകൊണ്ട് പോയ വാഹനം തടഞ്ഞു നിർത്തി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവാവിന്റെ മുഖത്ത് അടക്കം പരുക്ക് ഏറ്റിട്ടുണ്ട്. റാലി അവസാനിച്ച ശേഷം വാഹനം തിരിച്ച് ഫ്‌ളോട്ടിന്റെ സാധനങ്ങൾ ഇറക്കി വെക്കാൻ പോകും വഴിയാണ് പോലീസുകാർ വാഹനം തടഞ്ഞ് യുവാവിനെ മർദ്ദിച്ചതെന്ന് പറയുന്നു. പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റാർ സ്‌റ്റേഷനിലെ അനിൽകുമാർ ഉൾപ്പെടെ അഞ്ചു പോലീസുകാർ ചേർന്നാണ് മർദിച്ചതെന്നും പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ പരമായി മുന്നോട്ടു പോകുമെന്ന് യുസിഎഫ് നേതൃത്വം അറിയിച്ചു.
എന്നാൽ, യുവാവിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ചോദ്യം ചെയ്തു. ഈ സമയം ഇയാൾ എസ്‌ഐയും അസഭ്യം പറഞ്ഞുവെന്നുമാണ് പോലീസ് പറയുന്നത്. മർദനമുണ്ടായിട്ടില്ല. പരസ്പരം വാക്കേറ്റം നടന്നുവെന്നും പറയുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ ആരോപണം.


