തിരുവനന്തപുരം – ബിജെപി നേതാവായ പ്രകാശ് ജാവഡേക്കറുമായി മകന്റെ വീട്ടിൽവെച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാദ്ധ്യത. വോട്ട് ചെയ്തശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ പാർട്ടി വൃത്തങ്ങളിൽതന്നെ അമ്പരപ്പുളവാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി.യുടെ കാര്യത്തിൽ സി.പി.എമ്മിൽ സംഘടനാ പരിശോധന അനിവാര്യമാവും.
ഈ വിവാദത്തിൽ പ്രതികരണവുമായി പത്തനംതിട്ടയിലെ ഇടതുസ്ഥാനാർഥി തോമസ് ഐസക്കും രംഗത്തെത്തി. വളരെ നിഷ്ക്കളങ്കമായി നമ്മൾ ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാൻ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം നിശ്ചയമായിട്ടും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് സംഭവത്തിലെ വിലയിരുത്തൽ. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാനില്ലന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂറിലേ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ജയരാജനും ഈ വിഷയത്തിൽ പ്രതികരിച്ചു. ബി.ജെ.പി. പ്രവേശനം എന്ന പച്ചനുണ പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒരു കാര്യം വാർത്തയാക്കി എന്ന് മാത്രമെന്നും ഇ.പി.യുടെ പ്രസ്താവനകളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി. പ്രവേശനം കോൺഗ്രസ് നേതാക്കന്മാർ നടത്തുന്നതും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
വിവാദം തത്കാലം മുഖ്യമന്ത്രിയുടെ ആദ്യഘട്ട ശാസനയിൽ ഒതുങ്ങുമെങ്കിലും വരും ദിവസങ്ങളിൽ അതെങ്ങനെ മാറിമറിയുമെന്നത് ആശ്രയിച്ചാവും പാർട്ടിയുടെ പരിശോധന. തിരഞ്ഞെടുപ്പുഫലത്തിൽ തിരിച്ചടിയുണ്ടായാൽ അതിന്റെ പഴിയിൽനിന്ന് ഇ.പി.ക്കു രക്ഷപ്പെടാനാവില്ല. സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന സമീപനവും ഇ.പി.യുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും.


